മീഡിയവണ്‍ ഖത്തര്‍ 'ആര്‍ട്ട്' ഓണ്‍ലൈന്‍ ലൈവ് പെയിന്‍റിങ് മത്സരം: രജിസ്ട്രേഷന്‍ തുടരുന്നു
പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് വിഭാഗങ്ങളില്‍ മത്സരം, വിലപിടിപ്പുള്ള സമ്മാനങ്ങള്‍

അവധിക്കാലത്ത് പ്രവാസി വിദ്യാര്‍ത്ഥികളുടെ ചിത്രകലാരംഗത്തെ കഴിവും അഭിരുചിയും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായി മീഡിയവണ്‍ ടിവി ഖത്തറില്‍ ഓണ്‍ലൈന്‍ ലൈവ് പെയിന്‍റിങ് മത്സരം സംഘടിപ്പിക്കുന്നു. ഖത്തറില്‍ പഠിക്കുന്ന ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. 3 മുതല്‍ 13 വയസ്സ് വരെയുള്ള വിദ്യാര‍്ത്ഥികളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരം. മൂന്ന് വയസ്സ് മുതല്‍ 5 വയസ്സ് വരെയുള്ള വിദ്യാര്ത്ഥികള്ക്ക് കാറ്റഗറി എയിലും ആറ് മുതല്‍ ഒമ്പത് വയസ്സ് വരെയുള്ള വിദ്യാര്ത്ഥികള്ക്ക് കാറ്റഗറി ബിയിലും പത്ത് മുതല്‍ 13 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളെ കാറ്റഗറി സിയിലും ഉള്‍പ്പെടുത്തിയാണ് മത്സരം.
ജൂലൈ ഒമ്പതിന് രാവിലെ എട്ട് മണി മുതല്‍ സൂം പ്ലാറ്റ്ഫോം വഴിയാണ് ലൈവ് പെയിന്‍റിങ് മത്സരം നടക്കുക. മത്സരത്തിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ നല‍്കിയിട്ടുണ്ട്. 77464206 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് മത്സരാര്‍ത്ഥിയുടെ പേര് സ്കൂള്‍, ഐഡി നമ്പര്‍ തുടങ്ങിയവ അയച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ പൂര‍്ത്തിയായതായുള്ള മറുപടിയും മത്സരത്തിന്‍റെ നിയമാവലിയും ഉടന്‍ തന്നെ മത്സരാര്‍ത്ഥിക്ക് ലഭിക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ മീഡിയവണ്‍ ടിവി ദോഹ ഓഫീസിലെത്തിയോ അല്ലെങ്കില്‍ വുഖൈറിലെ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തയ്യാറാക്കിയ പ്രത്യേക കൌണ്ടറിലെത്തിയോ മത്സരത്തിനായുള്ള ഡ്രോയിങ് ചാര്‍ട്ട് പേപ്പറും ചെസ്റ്റ് നമ്പറും കൈപ്പറ്റണം.
ജൂലൈ 8 ഓടെ രജിസ്ട്രേഷന്‍ നടപടികള‍് അവസാനിക്കും. തുടര്‍ന്ന് ജൂലൈ ഒമ്പതിന് രാവിലെ എട്ട് മുതല്‍ സൂം ആപ്ലിക്കേഷനില്‍ മത്സരം ആരംഭിക്കും. ഇതിനുള്ള സൂം ലിങ്ക് ഓരോ മത്സരാര്‍ത്ഥിക്കും വാട്ട്സാപ്പ് വഴി അയച്ചുനല്‍കും. പെയിന്‍റിംങിനുള്ള വിഷയം അന്നേ ദിവസം മാത്രമേ നല്‍കൂ. തുടര്‍ന്ന് നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്‍റെ ഫോട്ടോ അപ്പോള്‍ തന്നെ ഓദ്യോഗിക വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചുനല്‍കണം. ചിത്രമടങ്ങിയ ചാര്‍ട്ട് പേപ്പര്‍ മൂന്ന് ദിവസത്തിനകം മീഡീയവണ്‍ ടിവിയുടെ ദോഹ ഓഫീസില്‍ നേരിട്ട് എത്തിക്കണം. മത്സരം പൂര്‍ത്തിയായതിന് ശേഷം വാട്ട്സാപ്പില്‍ അയച്ച സൃഷ്ടിയില്‍ നിന്നും മാറ്റം വരുത്തിയ സൃഷ്ടികള്‍ നേരിട്ട് പരിഗണിക്കുന്നതല്ല. മത്സരത്തിന് മുമ്പായി ചിത്രകലാ രംഗത്തെ പ്രഗത്ഭര്‍ മത്സരാര‍്ത്ഥികളുമായി സംവദിക്കും. ആര്‍ട്ടിസ്റ്റ് മദനന്‍, ആര്‍ട്ടിസ്റ്റ് സഗീര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ജേതാക്കാളാകുന്നവര്‍ക്ക് സമ്മാനിക്കുക.
Adjust Story Font
16

