ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിലെ പൊതുപരിപാടികൾക്ക് അനുമതി
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു

ദോഹ: സാമൂഹിക പരിപാടികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തർ. ഇന്നു മുതൽ തുറസ്സായ സ്ഥലങ്ങളിൽ പൊതുപരിപാടികൾ സംഘടിപ്പിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമാണ് തീരുമാനം. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയുൾപ്പെടെയുള്ള സാമൂഹിക പരിപാടികൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താമെന്നാണ് ആഭ്യന്തര മന്ത്രാലയം സർക്കുലറിലൂടെ വ്യക്തമാക്കിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൊതുപരിപാടികൾക്ക് നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
സാമൂഹിക പരിപാടികൾ തുറസ്സായ സ്ഥലങ്ങളിലോ ടെന്റുകളിലോ നടത്താൻ പാടില്ലെന്നും, അവ ഇൻഡോർ ഹാളുകളിൽ പരിമിതപ്പെടുത്തണമെന്നും മാർച്ച് 18നാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഒരാഴ്ച നീണ്ട നിയന്ത്രണങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഇളവുകൾ വരുത്തിയത്.
പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി, സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷത്തിലാകണം പരിപാടികൾ നടത്തേണ്ടത്. വ്യക്തികൾക്കോ സമൂഹത്തിനോ ഭീഷണിയാകുന്ന തരത്തിലുള്ള പ്രവൃത്തികൾ ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Adjust Story Font
16

