Quantcast

ഖത്തര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു, രണ്ട് വനിതാ മന്ത്രിമാര്‍ കൂടി

നേരത്തെയുള്ള വകുപ്പുകള്‍ വിഭജിച്ച് പുതിയ നാല് വകുപ്പുകള്‍ കൂടി രൂപീകരിച്ചു

MediaOne Logo
ഖത്തര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു, രണ്ട് വനിതാ മന്ത്രിമാര്‍ കൂടി
X

ഖത്തര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു കൊണ്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഉത്തരവിറക്കി. ഏറെക്കുറെ എല്ലാ വകുപ്പുകളിലും മാറ്റമുണ്ട്. പുതിയ രണ്ട് വനിതാ മന്ത്രിമാര്‍ കൂടി ചുമതലയേറ്റതോടെ വിദേശകാര്യസഹമന്ത്രി ലുല്‍വ അല്‍ ഖാതിര്‍ ഉള്‍പ്പെടെ വനിതാ മന്ത്രിമാരുടെ എണ്ണം നാലായി ഉയര്‍ന്നു.

ധനമന്ത്രാലയത്തിന്‍റെ കൂടി ചുമതല വഹിച്ചിരുന്ന വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി ധനവകുപ്പിന്‍റെ മാത്രം മന്ത്രിയായി തുടരും. പുതിയ വാണിജ്യവ്യവസായ മന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനിയെ നിയമിച്ചു. അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബേ കൈകാര്യം ചെയ്തിരുന്ന നഗരസഭാ പരിസ്ഥിതി വകുപ്പ് രണ്ടായി വിഭജിച്ച് പുതിയ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് രൂപീകരിച്ചു. പുതുമുഖമായ ശൈഖ് ഡോ. ഫലാഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി ആല്‍ ഥാനിയാണ് പരിസ്ഥിതി കാലാവസ്ഥാവ്യതിയാന മന്ത്രി. അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബേ നഗരസഭാ വകുപ്പ് മന്ത്രിയായി തുടരും. ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍ സുലൈത്തി മന്ത്രിപദവി വഹിച്ചിരുന്ന ഗതാഗത വാര്‍ത്താവിനിമയ വകുപ്പ് രണ്ടായി വിഭജിച്ച് ഗതാഗതം, വാര്‍ത്താ വിനിമയ ഐടി മന്ത്രാലയം എന്നിങ്ങനെ രണ്ട് വകുപ്പുകളാക്കി. പുതുമുഖമായ മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നായിയാണ് വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി. ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍ സുലൈത്തി ഗതാഗത വകുപ്പ് മന്ത്രിയായി തുടരും. സാംസ്‌കാരിക കായിക മന്ത്രാലയത്തെ കായിക യുവജന മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം എന്നിങ്ങനെ രണ്ട് വകുപ്പുകളാക്കി തിരിച്ചു. ശെയ്ഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് ആല്‍ ഥാനിയാണ് പുതിയ സാംസ്കാരിക വകുപ്പ് മന്ത്രി. സലാഹ് ബിന്‍ ഗാനം അല്‍ അലി കായിക യുവജന മന്ത്രിയായി കാബിനറ്റില്‍ തുടരും. വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ വകുപ്പിലും, സാമൂഹിക വികസന കുടുംബ വകുപ്പിലുമാണ് പുതിയ വനിതാ മന്ത്രിമാര്‍ ചുമതലയേറ്റത്. ബുത്തൈന ബിന്‍ത് അലി അല്‍ ജാബര്‍ അല്‍ നുഐമിയാണ് പുതിയ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. നേരത്തെയുണ്ടായിരുന്ന ഭരണവികസന സാമൂഹ്യക്ഷേമ വകുപ്പ് വിഭജിച്ചുണ്ടാക്കിയ പുതിയ സാമൂഹ്യ വികസന കുടുംബവകുപ്പിന്‍റെ മന്ത്രിയായി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദ് ചുമതലയേറ്റു.

ഇന്ന് രാവിലെ അമീരീ ദീവാനില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഥാനി , പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

Next Story