Quantcast

പന്ത്രണ്ടു വർഷത്തിനിടെ രാജ്യത്ത് 3,000 ത്തിലേറെ കിലോമീറ്റർ സൈക്കിൾ പാത നിർമിച്ച് ഖത്തർ

അന്താരാഷ്ട്ര നിലവാരത്തിലാണ് പാതകൾ തയ്യാറാക്കിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    5 Jun 2026 10:45 PM IST

Qatar has built more than 3,000 kilometers of cycle paths in the country in twelve years.
X

റിയൈ പന്ത്രണ്ടു വർഷത്തിനിടെ രാജ്യത്ത് മുവ്വായിരത്തിലേറെ കിലോമീറ്റർ സൈക്കിൾ പാത നിർമിച്ച് ഖത്തർ. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് വിപുലമായ സൈക്കിൾ ട്രാക്ക് ശൃംഖല ഒരുക്കിയത്. അന്താരാഷ്ട്ര നിലവാരത്തിലാണ് പാതകൾ തയ്യാറാക്കിയിട്ടുള്ളത്.

ഖത്തർ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ ആണ് സൈക്കിൾ പാതകളുടെ നിർമാണത്തിന് ചുക്കാൻ പിടിക്കുന്നത്. 2013 മുതൽ 2025 വരെ ഒരു വ്യാഴവട്ടക്കാലയളവിൽ അഷ്ഗാൽ പൂർത്തിയാക്കിയത് 3,430 കിലോമീറ്റർ ട്രാക്കുകളാണ്. ഗതാഗത മന്ത്രാലയവുമായി സഹകരിച്ച്, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ യാത്രാമാർഗങ്ങൾ ജനജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

കോസ്റ്റൽ റോഡിന് സമാന്തരമായി നിർമിച്ച ഒളിമ്പിക് സൈക്കിൾ ട്രാക്കാണ് ട്രാക്കുകളിൽ സവിശേഷമായത്. പ്രൊഫഷണൽ സൈക്ലിസ്റ്റുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന 33 കിലോമീറ്റർ നീളമുള്ള അത്യാധുനിക ട്രാക്കാണിത്. രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളുമായി സൈക്കിൾ പാതകൾ ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. മെട്രോ, ബസ് സ്റ്റേഷൻ തുടങ്ങിയവയുടെ പരിസരങ്ങളിൽ സെക്കിളുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളുമുണ്ട്.

സുരക്ഷ മുൻനിർത്തി അത്യാധുനിക സ്മാർട്ട് സംവിധാനങ്ങൾ, പ്രത്യേക വിശ്രമ സ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ട്രാക്കുകളുടെ ഓരത്ത് സംവിധാനിച്ചിട്ടുണ്ട്. പാതകൾക്ക് ഇരുവശത്തുമായി മനോഹരമായ ഹരിതയിടങ്ങളും അഷ്ഗാൽ ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story