ഇന്ത്യയിൽ നിന്നുള്ള വാഹന ബാറ്ററികൾക്ക് ഇറക്കുമതി നിയന്ത്രണ തീരുവ ഏർപ്പെടുത്തി ഖത്തർ
ആഭ്യന്തര ഉൽപ്പാദകരുടെ മത്സര ക്ഷമത വർധിപ്പിക്കുകയും വിപണി കണ്ടെത്തുകയുമാണ് ലക്ഷ്യം
ദോഹ: ഇന്ത്യയിൽ നിന്നുള്ള വാഹന ബാറ്ററികൾക്ക് ഇറക്കുമതി നിയന്ത്രണ തീരുവ ഏർപ്പെടുത്തി ഖത്തർ. പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന ബാറ്ററികൾക്ക് അധിക നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത്. വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്ന് കയറ്റുമതിചെയ്യുന്ന വസ്തുക്കൾ, പ്രാദേശിക ഉൽപന്നങ്ങളെക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആന്റ് ഡംപിങ് നികുതി ചുമത്തുന്നത്. ആഭ്യന്തര ഉൽപ്പാദകരുടെ മത്സര ക്ഷമത വർധിപ്പിക്കുകയും വിപണി കണ്ടെത്തുകയുമാണ് ലക്ഷ്യം. നികുതി നിരക്ക് കൂടുന്നതോടെ, ഇറക്കുമതി ഉൽപന്നത്തിന്റെ വില വർധിക്കുകയും ആഭ്യന്തര ഉൽപാദകർക്കും വിപണിക്കും സംരക്ഷണം ലഭിക്കുകയും ചെയ്യും.
കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 35 മുതൽ 115 ആംപിയർ ഇലക്ട്രിക്കൽ സ്റ്റോറേജ് ബാറ്ററികൾക്കും ഇന്ത്യയിൽ നിന്നുള്ള 32 മുതൽ 225 ആംപിയർ വരെ ശേഷിയുള്ള ഇലക്ട്രിക്കൽ സ്റ്റോറേജ് ബാറ്ററികൾക്കുമാണ് അധിക നികുതി ഏർപ്പെടുത്തിയത്.
Adjust Story Font
16