ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് ഖത്തർ പ്രധാനമന്ത്രി
ഖത്തർ സാമ്പത്തിക ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ദോഹ: ഏദന്‍ അലക്സാണ്ടറിന്റെ മോചനത്തെ തുടര്‍ന്നുണ്ടായ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെന്ന് ഖത്തർ പ്രധാനമന്ത്രി. ഖത്തർ സാമ്പത്തിക ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ വംശജനായ ഇസ്രായേലി സൈനികൻ ഏദന്‍ അലക്സാണ്ടറുടെ മോചനത്തിലൂടെ എല്ലാ ദുരന്തകാലങ്ങളും അവസാനിച്ച് ഗസ്സ സമാധാനത്തിലേക്ക് നീങ്ങുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഇസ്രായേല്‍ കൂടുതല്‍ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ആക്രമണോത്സുക സമീപനം എല്ലാ സമാധാന സാധ്യതകളെയും ദുര്‍ബലപ്പെടുത്തിയെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അൽഥാനി പറഞ്ഞു. ഗസ്സയില്‍ മധ്യസ്ഥ ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇരു വിഭാഗങ്ങൾക്കിടയിലെ ഭിന്നതകൾ തടസ്സമായി മാറുന്നു. ഒരു വിഭാഗം ഭാഗികമായാണ് കരാറിന് തയ്യാറാകുന്നത്. മറുവിഭാഗം എല്ലാ ബന്ദികളെയും മോചിപ്പിച്ച് യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ സന്നദ്ധരാണ്. അടിസ്ഥാനപരമായ ഈ ഭിന്നതയിൽ പരിഹാരം കാണാൻ ഇതുവഴി കഴിഞ്ഞില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്നു ദിവസമായി നടക്കുന്ന ഖത്തർ സാമ്പത്തിക ഫോറം അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഉദ്ഘാടനം ചെയ്തു.
Adjust Story Font
16

