ലോകകപ്പ് ഫുട്ബോൾ യോഗ്യത: നാലാം റൗണ്ട് മത്സരങ്ങൾക്ക് ഖത്തറും സൗദിയും വേദിയാകും
ഇന്തോനേഷ്യ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ടീമുകളാണ് മത്സരരംഗത്തുള്ളത്

ദോഹ: അടുത്ത ഫിഫ ലോകകപ്പിനായുള്ള ഏഷ്യൻ വൻകരയിലെ നാലാം റൗണ്ട് യോഗ്യതാ മത്സരങ്ങൾക്ക് ഒക്ടോബറിൽ ഖത്തറും സൗദി അറേബ്യയും വേദിയാകും. ഏഷ്യയിൽ നിന്ന് നേരിട്ടുള്ള രണ്ട് ബെർത്തുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇന്തോനേഷ്യ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ടീമുകളാണ് മത്സരരംഗത്തുള്ളത്.
ഈ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടക്കും. അടുത്ത മാസം 17നാണ് ഗ്രൂപ്പ് നിർണയ പ്രക്രിയ നടക്കുക. ഒക്ടോബർ 8 മുതൽ 14 വരെയാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യൻമാർക്ക് അടുത്ത വർഷം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകും.
നാലാം റൗണ്ടിൽ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തുന്ന രണ്ട് ടീമുകൾ പ്ലേ ഓഫിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികൾക്ക് ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫ് മത്സരത്തിലൂടെ ലോകകപ്പ് പ്രവേശനത്തിനായി അവസാന ഭാഗ്യപരീക്ഷണം നടത്താം.
Adjust Story Font
16

