ഇസ്രായേൽ ആക്രമണം: ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക്
ഹേഗിൽ ഐസിസി പ്രതിനിധികളുമായി ചർച്ച നടത്തി

ദോഹ: ദോഹയിലെ ഇസ്രായേൽ ആക്രമണത്തിൽ ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു. ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സമിതി വിഷയത്തിൽ ഐസിസി പ്രസിഡണ്ട് ജഡ്ജ് തൊമോകോ അകാനെ, ഫസ്റ്റ് വൈസ് പ്രസിഡണ്ട് ഒസ്വാൾഡോ സലാവ, രജിസ്ട്രാർ ഒസ് വാൾഡോ സവാല എന്നിവരുമായി ഹേഗിൽ കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് സമിതി ഐസിസിയെ ബോധിപ്പിച്ചു.
അതിനിടെ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാൻ ജിസിസി രാഷ്ട്രങ്ങൾ ഒരുങ്ങുന്നു. ദോഹയിൽ ചേർന്ന അടിയന്തര ജിസിസി പ്രതിരോധ സമിതി യോഗത്തിലാണ് തീരുമാനം. ജിസിസി രാഷ്ട്രങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമായും അഞ്ചു തീരുമാനമാണ് പ്രതിരോധ കൗൺസിൽ ഇന്നത്തെ യോഗത്തിൽ കൈ കൊണ്ടത്. ഏകീകൃത സൈനിക കമാൻഡ് വഴി ഇന്റലിജൻസ് വിവര കൈമാറ്റമാണ് ഇതിൽ ആദ്യത്തേത്. അതതു രാഷ്ട്രങ്ങളുടെ വ്യോമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണയായി. ബാലിസ്റ്റിക് മിസൈലുകൾക്കെതിരെ സംയുക്ത ടാസ്‌ക് ഫോഴ്‌സും രൂപീകരിക്കും. ഏകീകൃത സൈനിക കമാൻഡുമായി സഹകരിച്ച് പ്രതിരോധ പദ്ധതികൾ നവീകരിക്കാനും സംയുക്ത സൈനികാഭ്യാസം നടത്താനും തീരുമാനമായി.
ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്‌മാൻ അൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആറ് അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ പങ്കെടുത്തു. ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും സന്നിഹിതനായിരുന്നു.
Adjust Story Font
16

