Quantcast

ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ പിന്മാറ്റം; യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം ഉടൻ നടപ്പാക്കണമെന്ന് ഖത്തർ

വിയറ്റ്നയിൽ നടന്ന IAEA ഗവർണർ ബോർഡ് യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്

MediaOne Logo

Web Desk

  • Published:

    23 Nov 2025 1:51 AM IST

Qatar Urges Swift Implementation of UN Security Council Resolution, Full Israeli Withdrawal from Gaza
X

​ദോഹ: ഗസ്സയിൽ നിന്ന് ഇസ്രായേലിന്റെ പൂർണമായ പിൻവലിയൽ, ഗസ്സയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടം രൂപീകരിക്കൽ, പുനർനിർമാണം ആരംഭിക്കൽ എന്നിവ ആവശ്യപ്പെട്ട യു.എൻ. സുരക്ഷാ കൗൺസിൽ പ്രമേയം ഉടൻ നടപ്പാക്കണമെന്ന് ഖത്തർ. ഫലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശവും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശവും യാഥാർഥ്യമാക്കുന്നതിനുള്ള ആദ്യ ചുവടാണ് ഈ പ്രമേയമെന്നും ഖത്തർ ചൂണ്ടിക്കാട്ടി.

വിയറ്റ്നയിൽ നടന്ന അന്താരാഷ്ട്ര അറ്റോമിക് ഊർജ ഏജൻസി (IAEA) ഗവർണർ ബോർഡ് യോഗത്തിലാണ് ഖത്തർ ആവശ്യം ഉന്നയിച്ചത്. ഖത്തറിന്റെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ജാസിം യാക്കൂബ് അൽ ഹമ്മാദി ആണ് പ്രസ്താവന നടത്തിയത്.

ഇസ്രായേൽ അധിനിവേശം നടത്തിയ ഫലസ്തീൻ പ്രദേശങ്ങളിലെ ദയനീയ സ്ഥിതി അദ്ദേഹം എടുത്തുകാട്ടി. ഇസ്രായേൽ സേന നടത്തുന്ന തുടർച്ചയായ കൊലപാതകങ്ങളും കുടിയൊഴിപ്പിക്കലും അദ്ദേഹം അപലപിച്ചു.

ഫലസ്തീനിലെയും മറ്റ് അറബ് പ്രദേശങ്ങളിലെയും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഫലസ്തീൻ ജനതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യാ പ്രവൃത്തികൾ കാലക്രമേണ ഇല്ലാതാകുന്നവയല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇവയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും അതാത് അന്താരാഷ്ട്ര സംഘടനകൾ തങ്ങളുടെ ചുമതല നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപരോധത്തിലും അധിനിവേശത്തിലും കഴിയുന്ന പലസ്തീൻ ജനതയുടെ വിനാശകരമായ ദുരിതം ലഘൂകരിക്കാൻ എല്ലാ രാജ്യങ്ങളും മാനുഷിക-ദുരിതാശ്വാസ സംഘടനകളും പ്രത്യേകിച്ച് യു.എൻ.ആർ.ഡബ്ല്യു.എ. (UNRWA) എത്രയും വേഗം സഹായം എത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

TAGS :

Next Story