Quantcast

തുടര്‍ച്ചയായ അന്താരാഷ്ട്ര നിയമലംഘനം; ഇസ്രായേലിനെ ശക്തമായി വിമര്‍ശിച്ച് ഖത്തര്‍

ഇസ്രയേലിനോട് ചേര്‍ന്ന ഗോലാന്‍ കുന്നുകളില്‍ താമസിക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതി ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ ഈ ഇടപെടല്‍

MediaOne Logo

Web Desk

  • Published:

    30 Dec 2021 1:39 PM GMT

തുടര്‍ച്ചയായ അന്താരാഷ്ട്ര നിയമലംഘനം; ഇസ്രായേലിനെ ശക്തമായി വിമര്‍ശിച്ച് ഖത്തര്‍
X

ദോഹ: അധിനിവേശ ഫലസ്തീനിലും സിറിയന്‍ ഗോലാന്‍ കുന്നുകളിലും നിരവധി അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ പ്രമേയങ്ങളും തുടര്‍ച്ചയായി ലംഘിക്കുന്ന ഇസ്രായേല്‍ അനധികൃത കുടിയേറ്റങ്ങളെ ശക്തമായി വിമര്‍ശിച്ച് ഖത്തര്‍ കാബിനറ്റ്.

ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തിലാണ് ഇസ്രയേല്‍ ചെയ്തികള്‍ക്കെതിരേ ഖത്തര്‍ തുറന്നടിച്ചത്.

അധിനിവേശ ഗോലാന്‍ കുന്നുകളില്‍ അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ ഏറ്റവും പുതിയ ശ്രമങ്ങളേയും അധിനിവേശ വെസ്റ്റ് ബാങ്കില്‍ അവര്‍പിടിച്ചടക്കിയ അറബ് ഭൂപ്രദേശം വികസിപ്പിക്കാനുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരേയും കാബിനറ്റ് പ്രതികരിച്ചു.

ഞായറാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നടത്തിയ പ്രഖ്യാപനങ്ങളെയും അധിനിവേശ സേനയുടെ കുടിയേറ്റത്തേയും ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങള്‍ അധികരിപ്പിച്ചതിനെയും 'അപകടകരമായ വികസനം' എന്നാണ് ഖത്തര്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.

യുഎന്‍ ജനറല്‍ അസംബ്ലിയുടേയും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റേയും പ്രമേയങ്ങള്‍ക്കനുസൃതമായി ഫലസ്തീന്‍ ജനതയെ സംരക്ഷിക്കുന്നതിനും കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിനും സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട കാബിനറ്റ്, ഇസ്രായേല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാവരും തയാറാകണമെന്നും ആഹ്വാനം ചെയ്തു.

ഇസ്രയേലിനോട് ചേര്‍ന്ന ഗോലാന്‍ കുന്നുകളില്‍ താമസിക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതി ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ ഈ ഇടപെടല്‍.

TAGS :

Next Story