'യുഡിഎഫിൽ വന്നാൽ കൊള്ളാമെന്ന് ചിന്തിക്കുന്ന കേരള കോൺഗ്രസ് എം നേതാക്കളുണ്ട്'; അടൂർ പ്രകാശ്
താൻ വിസ്മയത്തിന്റെ ആളല്ലെന്നും, ആരുടെയെങ്കിലും പിന്നാലെ പോയി യുഡിഎഫിൽ വരണമെന്ന് ആവശ്യപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ദോഹ: യുഡിഎഫിൽ വന്നാൽ കൊള്ളാമെന്ന് ചിന്തിക്കുന്ന കേരള കോൺഗ്രസ് എം നേതാക്കളുണ്ടെന്നും എന്നാൽ അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അടൂർ പ്രകാശ് എംപി ദോഹയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ വിസ്മയത്തിന്റെ ആളല്ലെന്നും, ആരുടെയെങ്കിലും പിന്നാലെ പോയി യുഡിഎഫിൽ വരണമെന്ന് ആവശ്യപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ ചോദിക്കാൻ അവകാശമുണ്ടെന്നും അത് ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധം തകർക്കാൻ ആരും ശ്രമിക്കേണ്ടെന്നും, സാമുദായിക നേതാക്കളായ വെള്ളാപ്പള്ളി നടേശന്റെയും സുകുമാരൻ നായരുടെയും പ്രസ്താവനകൾ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമല സ്വർണക്കൊള്ള വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമായിരിക്കും. എൽഡിഎഫ് സർക്കാർ കേരളത്തിൽ ഒരു വലിയ പദ്ധതി പോലും കൊണ്ടുവന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അമിത ആത്മവിശ്വാസമില്ലാതെയാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് വ്യക്തിബന്ധമില്ലെന്നും അദ്ദേഹത്തിന് സോണിയാ ഗാന്ധിയെ കാണാൻ അപ്പോയിന്റ്മെന്റ് വാങ്ങിക്കൊടുത്തത് താനല്ലെന്നും അദ്ദേഹം വിശദീകരിച്ചു. എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിച്ചാൽ അത് പരസ്യമായി മാധ്യമങ്ങളെ അറിയിച്ചുകൊണ്ട് തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

