കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഖത്തറിൽ
ഖത്തറിൽ നിന്നുള്ള LNG, LPG വിതരണം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ട

ദോഹ: കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഖത്തറിൽ. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ദോഹയിലെത്തിയത്. ഖത്തറിൽ നിന്നുള്ള LNG, LPG വിതരണം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ട. ഇരുവാതകങ്ങളുടെയും ഇറക്കുമതിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഖത്തർ.
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള ഊർജ വിതരണ ശൃംഖലയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഹർദീപ് സിങ് പുരിയുടെ ഖത്തർ സന്ദർശനം. വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിപുലും ഖത്തർ എനർജിയുടെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്ന് ഇറാൻ അറിയിച്ച സാഹചര്യത്തിലാണ് മന്ത്രി ദോഹയിലെത്തിയിട്ടുള്ളത്. ഇന്ത്യയുടെ പ്രകൃതി വാതക ആവശ്യത്തിന്റെ 60 ശതമാനത്തോളം ഹോർമുസ് വഴിയാണ് എത്തുന്നത്. ഇന്ത്യയുടെ ആകെ എൽഎൻജി ഇറക്കുമതിയുടെ അഞ്ചിൽ രണ്ടു ഭാഗവും ഖത്തറിൽ നിന്നാണ്.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, 2024-25 വർഷത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്ത 27 ദശലക്ഷം ടൺ എൽഎൻജിയിൽ 11.2 ദശലക്ഷവും ഖത്തറിൽ നിന്നായിരുന്നു. ഖത്തർ എനർജിയുമായി പ്രതിവർഷം 8.5 ദശലക്ഷം ടണ്ണിന്റെ ദീർഘകാല കരാറും ഇന്ത്യയ്ക്കുണ്ട്. കൂടാതെ, ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ ഇരുപത് ശതമാനവും ഖത്തറിൽ നിന്നാണ്.
യുദ്ധം ആരംഭിച്ച ശേഷം പേർഷ്യൻ ഗൾഫിൽ നിന്നുള്ള എട്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. എന്നാൽ ഒരു എൽഎൻജി ടാങ്കറിന് പോലും ഇതു വഴി സഞ്ചരിക്കാനായിട്ടില്ല.
Adjust Story Font
16

