Quantcast

ഖത്തറിന്റെ നയതന്ത്ര ഇടപെടൽ; നാല് യുക്രൈന്‍ കുട്ടികളെ റഷ്യ മോചിപ്പിച്ചു

രണ്ടുമുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികളാണ് മോചിതരായത്.

MediaOne Logo

Web Desk

  • Updated:

    2023-10-16 19:28:07.0

Published:

16 Oct 2023 6:25 PM GMT

ഖത്തറിന്റെ നയതന്ത്ര ഇടപെടൽ; നാല് യുക്രൈന്‍ കുട്ടികളെ റഷ്യ മോചിപ്പിച്ചു
X

ദോഹ: അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ നയതന്ത്ര മധ്യസ്ഥ ശ്രമങ്ങളുടെ വിജയമായി റഷ്യയിൽ കുടുങ്ങിയ യുക്രൈൻ കുട്ടികൾ മാതാപിതാക്കൾക്കരികിലേക്ക്. രണ്ടുമുതല്‍ 17 വയസുവരെ പ്രായമുള്ള നാല് കുട്ടികളാണ് മോചിതരായത്.

2022 ഫെബ്രുവരിയിൽ തുടങ്ങിയ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനു പിന്നാലെ സൈന്യം പിടികൂടുകയും അതിർത്തി കടന്ന് റഷ്യൻ മേഖലയിൽ കുടുങ്ങുകയും ചെയ്ത കുട്ടികളുടെ മോചനമാണ് ഖത്തറിന്റെ ഇടപെടലിലൂടെ സാധ്യമായത്. മോചിതരായ എല്ലാവരും മോസ്കോയിലെ ഖത്തർ എംബസി വഴി തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ചേരുമെന്നും മധ്യസ്ഥ ശ്രമവുമായി സഹകരിച്ച റഷ്യ, യുക്രൈൻ സർക്കാറുകൾക്ക് നന്ദി അറിയിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

നാലുപേരിൽ ഒരാൾ യുക്രൈനിലെ കുടുംബത്തിനരികിലെത്തി. മാതാപിതാക്കൾക്കരികിലെത്തിയ കുട്ടി സന്തോഷം പങ്കുവെക്കുന്ന ചിത്രങ്ങൾ ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ അൽ കാതിർ എക്സിലൂടെ പങ്കുവെച്ചു. മറ്റുള്ളവരും ഉടൻ കുടുംബത്തിനരികിലെത്തും.

യുദ്ധത്തെ തുടർന്ന് ആയിരക്കണക്കിന് കുട്ടികളെയാണ് റഷ്യൻ സൈന്യം യുക്രൈനിൽ നിന്ന് കടത്തികൊണ്ടുപോയത്. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ സംഭവത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റം ചുമത്തി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഖത്തറിന്റെ മാസങ്ങൾ നീണ്ട മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് റഷ്യൻ കസ്റ്റഡിയിലുള്ള കുട്ടികളിൽ നിന്നും നാലുപേരുടെ മോചനം സാധ്യമായത്.

TAGS :

Next Story