പകുതിയിലധികം ആളുകളും വാക്സിന്‍ സ്വീകരിച്ചു;സൗദി സാധാരണ നിലയിലേക്ക്
അടുത്ത അധ്യയനവർഷം മുതൽ സ്‌കൂളുകൾ സാധാരണപോലെ തുറന്ന് പ്രവർത്തിക്കുവാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ തീരുമാനം.

സൗദിയിലെ ആകെ ജനസംഖ്യയുടെ പകുതിയോളം ആളുകൾക്കും ഇതിനോടകം തന്നെ കോവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം. ഞായറാഴ്ച മുതൽ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് വാക്‌സിൻ എടുത്തിരിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയതോടെ. ആദ്യ ഡോസ് കുത്തിവെപ്പെടുക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വിവിധ മേഖലകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളനുവദിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
നേരത്തെ തന്നെ ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ അനുവദിച്ചിരുന്നു. വിദേശ ഉംറ തീർത്ഥാടകർക്കും, ടൂറിസ്റ്റുകൾക്കും അടുത്ത മാസം മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതും, പൊതുജനങ്ങൾക്ക് വിനോദ പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകിയതും ഇതിന്‍റെ ഭാഗമായാണ്. കൂടാതെ അടുത്ത അധ്യയനവർഷം മുതൽ സ്‌കൂളുകൾ സാധാരണപോലെ തുറന്ന് പ്രവർത്തിക്കുവാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ തീരുമാനം. അതിന്‍റെ ഭാഗമയായി വിദ്യാർത്ഥികളിലും അധ്യാപകരുൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാർക്കും വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികളും 76 ശതമാനത്തോളം അധ്യാപകരും ഇതിനോടകം വാക്‌സിൻ സ്വീകരിച്ചു. രാജ്യത്ത് ഇതുിവരെ രണ്ട് കോടി 67 ലക്ഷത്തോളം ഡോസ് വാക്‌സിൻ വിതരണം ചെയ്തു. അതിൽ ഒരു കോടി 87 ലക്ഷത്തിലധികം പേർ ആദ്യ ഡോസും, 79 ലക്ഷത്തിലധികം പേർ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്.
Adjust Story Font
16

