10.4 കോടി റിയാൽ ചെലവ്: ഖസീമിൽ 8 റോഡ് വികസന പദ്ധതികൾക്ക് തുടക്കമായി
പ്രാദേശിക കണക്റ്റിവിറ്റി കൂടുതൽ ശക്തമാകും

ഖസീം: സൗദിയിലെ ഖസിം മേഖലയിലെ 10.4 കോടി റിയാൽ ചെലവ് വരുന്ന എട്ട് പ്രധാന റോഡ് പദ്ധതികൾക്ക് തുടക്കമായി. ഖസിം മേഖല ഗവർണർ പ്രിൻസ് ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് തന്റെ ഓഫിസിൽ വെച്ചാണ് ഈ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ഡെപ്യൂട്ടി ഗവർണർ പ്രിൻസ് ഫഹദ് ബിൻ സാദ് ബിൻ ഫൈസൽ, ഗതാഗതമന്ത്രി സാലിഹ് അൽ ജാസർ എന്നിവരും പങ്കെടുത്തു. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും ഭരണകൂടം നൽകുന്ന വലിയ പിന്തുണയുടെ പ്രതിഫലനമാണ് ഈ പദ്ധതികളെന്ന് ഗവർണർ വ്യക്തമാക്കി.
ആകെ 127 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ എട്ട് പദ്ധതികൾ മേഖലയിലെ വിവിധ ഗവർണറേറ്റുകൾ തമ്മിലുള്ള ബന്ധം കൂടുതൽ എളുപ്പമുള്ളതാക്കും. അൽ മിഥ്നബ് ഗവർണറേറ്റിനെ അൽ ഖുർമ അൽ ഷമാലിയ സെന്ററുമായി ബന്ധിപ്പിക്കുന്ന ഡ്യുവൽ കാരിയേജ് വേ, വാദി അൽ ജഅ്ല പാലം, ഖസിം-മദീന, കിങ് അബ്ദുൽ അസീസ് റോഡുകളുടെ നവീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ബുറൈദയിലെ പ്രധാന റോഡുകളുടെ സുരക്ഷാ ക്രമീകരണങ്ങളും സർവകലാശാലാ റോഡുകളുടെ വികസനവും ഇതിന്റെ ഭാഗമായി പൂർത്തിയായിട്ടുണ്ട്. രാജ്യാന്തര ലോജിസ്റ്റിക്സ് ഹബ്ബായി സൗദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ ഗതാഗത തന്ത്രത്തിന്റെ ഭാഗമായാണ് ഈ നവീകരണമെന്ന് മന്ത്രി സാലിഹ് അൽ ജാസർ കൂട്ടിച്ചേർത്തു.
Adjust Story Font
16

