മസ്ജിദുന്നബവിയിലെ തണുപ്പ് നിലനിർത്താൻ 117,000 ച.മീ താസോസ് മാർബിൾ
സൂര്യപ്രകാശത്തെ ശക്തമായി പ്രതിഫലിപ്പിക്കാനും ഉപരിതലത്തിലെ തണുപ്പ് നിലനിർത്താനും ഈ മാര്ർബിളുകൾക്കാവും

റിയാദ്: മദീനയിലെ മസ്ജിദുന്നബവിയിലെ പ്രധാന സവിശേഷതകളിലൊന്നായി താസോസ് മാർബിൾ. പള്ളിക്കുള്ളിലും മേൽക്കൂരയിലും മുറ്റങ്ങളിലും വിശ്വാസികൾക്ക് ആശ്വാസമേകുന്ന പ്രകൃതിദത്തമായ കൂളിങ് സിസ്റ്റത്തിന്റെ പ്രധാന ഘടകമാണിത്. മസ്ജിദുന്നബവിയുടെ മേൽക്കൂരയിലും പുറത്തെ മുറ്റങ്ങളിലുമായി ഏകദേശം 117,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ താസോസ് മാർബിൾ പാകിയിട്ടുണ്ടെന്ന് ഇരു ഹറം കാര്യങ്ങൾക്കായുള്ള ജനറൽ അതോറിറ്റി വ്യക്തമാക്കി. പള്ളിയുടെ വാസ്തുവിദ്യാ രൂപകൽപനക്ക് അനുയോജ്യമായ രീതിയിൽ വ്യത്യസ്ത വലുപ്പത്തിലുള്ള മാർബിൾ കഷണങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് പള്ളിയുടെ ഭംഗി വർധിപ്പിക്കുന്നതോടൊപ്പം, ആരാധകർക്കായി സമർപ്പിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ തുറന്ന മാർബിൾ മുറ്റങ്ങളിൽ ഒന്നായി ഇതിനെ മാറ്റുകയും ചെയ്യുന്നു.
വെളുത്ത നിറമുള്ള താസോസ് മാർബിൾ, സൂര്യപ്രകാശത്തെ ശക്തമായി പ്രതിഫലിപ്പിക്കാനും ഉപരിതലത്തിലെ തണുപ്പ് നിലനിർത്താനും ശേഷിയുള്ളതാണെന്ന് അതോറിറ്റി അറിയിച്ചു. ഉയർന്ന ഗുണനിലവാരമുള്ള ഈ മാർബിൾ പ്രാർഥനാസ്ഥലങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. ഇതിന്റെ തിളക്കവും തണുപ്പിക്കാനുള്ള ശേഷിയും നിലനിർത്തുന്നതിനായി പരിസ്ഥിതി സൗഹൃദവും ആരോഗ്യത്തിന് സുരക്ഷിതവുമായ വസ്തുക്കൾ ഉപയോഗിച്ച് നിരന്തരം പോളിഷിങും ശുചീകരണവും ഇവിടെ നടത്താറുണ്ട്. വർഷം മുഴുവനും തീർഥാടകരെ സ്വീകരിക്കാൻ ഈ സൗകര്യങ്ങൾ സജ്ജമായിരിക്കും.
Adjust Story Font
16

