കഴിഞ്ഞ മാസം ജിസാനിൽ നിന്ന് നീക്കം ചെയ്തത് 1,69,000 ടൺ മാലിന്യങ്ങൾ
പൊതു ഇടങ്ങൾ, ജനവാസ മേഖലകൾ, റോഡുകൾ, എന്നിവടങ്ങളിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ

റിയാദ്: ജിസാൻ പ്രവിശ്യയിലെ വിവിധയിടങ്ങളിൽ നടന്ന വ്യാപകമായ ശുചീകരണ പ്രവർത്തനങ്ങളിൽ 1,69,000 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു. ജിസാൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ജിസാൻ നഗരത്തിലും പ്രവിശ്യയിലെ മറ്റ് ഗവർണറേറ്റുകളിലും കഴിഞ്ഞ മെയ് മാസം നടന്ന ഫീൽഡ് കാമ്പയിനിലാണ് നടപടി. പൊതു ഇടങ്ങൾ, ജനവാസ മേഖലകൾ, റോഡുകൾ, എന്നിവടങ്ങളിൽ നിന്നാണ് ഇത്രയധികം മാലിന്യങ്ങൾ നീക്കം ചെയ്തതെന്ന് ജിസാൻ നഗരസഭ ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫഹദ് അൽ അഹ്മരി വ്യക്തമാക്കി.
ഇതിനുപുറമേ, 11 ലക്ഷം ചതുരശ്ര മീറ്റർ പൊതുസ്ഥലങ്ങളും വിവിധയിടങ്ങളിലായി 1,153 കിലോമീറ്റർ നടപ്പാതകളും വൃത്തിയാക്കിയിട്ടുണ്ട്. 7,500 കിലോമീറ്ററിലധികം മെഷീനുകൾ ഉപയോഗിച്ചാണ് വൃത്തിയാക്കിയത്. 27,365 ചതുരശ്ര കിലോമീറ്റർ തൊഴിലാളികൾ നേരിട്ട് വൃത്തിയാക്കുകയും ചെയ്തു. വിവിധയിടങ്ങളിലായി 41,061 വേസ്റ്റ് ബിന്നുകൾ കഴുകി അണുവിമുക്തമാക്കി. 17,540 ബിന്നുകളുടെ ഉപയോഗം അധികൃതർ കൃത്യമായി നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തു. 1046 യന്ത്രങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു. 4,920 തൊഴിലാളികളും 266 ഫീൽഡ് സൂപ്പർവൈസർമാരുമാണ് ഫീൽഡ് കാമ്പയിനിൽ പങ്കെടുത്തത്.
Adjust Story Font
16

