Quantcast

അൽജുഹ്ഫ സൈറ്റിൽ കണ്ടെത്തിയത് 1700 പുരാവസ്തുക്കൾ; ആദ്യ ഘട്ട പഠനം പൂർത്തിയാക്കി സൗദി ഹെറിറ്റേജ് കമ്മീഷൻ

ഉമവിയ്യ, അബ്ബാസിയ കാലഘട്ടത്തിലെ ശവകുടീരങ്ങളും കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    4 Jun 2026 6:03 PM IST

1700 artifacts discovered at Al-Juhfa site; Saudi Heritage Authority completes first phase of study
X

റിയാദ്: അൽ ജുഹ്ഫ പുരാവസ്തു സൈറ്റിലെ സർവേ, ഡോക്യുമെന്റേഷൻ ജോലികളുടെ ആദ്യ ഘട്ടം പൂർത്തിയാക്കി സൗദി ഹെറിറ്റേജ് കമ്മീഷൻ. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്ററുമായി സഹകരിച്ചാണ് പഠനം. 1700 പുരാവസ്തുക്കളാണ് സൈറ്റിൽ നിന്ന് കണ്ടെത്തിയത്. മൺപാത്രങ്ങൾ, ഗ്ലാസ്, കല്ല് കഷണങ്ങൾ, ഷെല്ലുകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയാണ് കണ്ടെത്തിയത്.

മക്കയിൽ നിന്ന് 187 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് മിഖാത്ത് അൽജുഹ്ഫ സ്ഥിതിചെയ്യുന്നത്. ആദ്യകാല ഇസ്‌ലാമിക കാലഘട്ടം മുതലുള്ള സ്ഥിരം മിഖാത്തുകളിൽ ഒന്നായ അൽ ജുഹ്ഫയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതാണ് കണ്ടെത്തലുകൾ. പ്രവാചകൻ തന്റെ ഹിജ്‌റ സമയത്ത് കടന്നുപോയ സ്ഥലം എന്ന നിലയിലും അൽജുഹ്ഫക്ക് പ്രാധാന്യമുണ്ട്.

വിവിധ ഉപകരണങ്ങൾ, മുത്തുകൾ, ലോഹങ്ങൾ, ആറ് മൺപാത്ര ചൂളകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. 13 ശവകുടീരങ്ങളും കണ്ടെത്തി. അവയിൽ ചിലത് ഉമവിയ്യ, അബ്ബാസിയ്യ കാലഘട്ടത്തോളം പഴക്കമുള്ളതാണ്. കണ്ടെത്തിയ വസ്തുക്കളിൽ ചിലത് ശാം, ഈജിപ്ത്, അബിസീനിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വന്നതെന്ന് പഠനത്തിൽ പറയുന്നു.

ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണ് മീഖാത്ത് അഭിവൃദ്ധി പ്രാപിച്ചതെന്ന് ചരിത്ര സ്രോതസ്സുകളും സൂചിപ്പിക്കുന്നു. വെള്ളം ലഭ്യമായതും തീർഥാടകർക്കായുള്ള കടകൾ സ്ഥാപിച്ചതിലൂടെയുമായിരുന്നിത്. ഈജിപ്തിൽ നിന്ന് ഹജ്ജിനെത്തുന്നവരുടെ സങ്കേതമായിരുന്നു അൽ ജുഹ്ഫ.

TAGS :

Next Story