Quantcast

കരുതലിന്റെ സൗദി മോഡൽ...; ലോകത്തുടനീളമുള്ള അഭയാർഥികൾക്കായി ഇതുവരെ 2,300 കോടി ഡോളർ ധനസഹായം

കിങ് സൽമാൻ റിലീഫ് സെന്റർ വഴി ദുരിതബാധിത പ്രദേശങ്ങളിൽ വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് സൗദി നടത്തുന്നത്

MediaOne Logo

Web Desk

  • Published:

    22 Jun 2026 4:02 PM IST

$23 billion: A firm Saudi footprint in supporting refugees
X

റിയാദ്: ലോകമെമ്പാടുമുള്ള അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും കൈത്താങ്ങായി സൗദി അറേബ്യ. അഭയാർഥി സംരക്ഷണത്തിനായി രാജ്യം ഇതുവരെ 2,300 കോടി ഡോളറിലധികം ധനസഹായം നൽകിയതായി അധികൃതർ വെളിപ്പെടുത്തി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാനുഷിക സഹായങ്ങൾ നൽകുന്ന മുൻനിര രാജ്യങ്ങളിലൊന്നാണ് സൗദിയെന്ന് അടിവരയിടുന്നതാണ് ഈ പുതിയ കണക്കുകൾ. സ്വന്തം മണ്ണിലുള്ള അഭയാർഥികൾക്ക് പുറമെ, കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ വഴി ലോകത്തിന്റെ വിവിധ കോണുകളിലുള്ള ലക്ഷക്കണക്കിന് ആളുകൾക്കാണ് സൗദി സഹായമെത്തിക്കുന്നത്.

രാജ്യത്ത് എത്തുന്ന അഭയാർഥികളെ കേവലം ക്യാമ്പുകളിൽ ഒതുക്കാതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സൗദി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മ്യാൻമറിലെ റോഹിങ്ക്യൻ ന്യൂനപക്ഷം, യമൻ, സിറിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് അഭയാർഥികൾ എന്നിവർക്ക് രാജ്യത്ത് സൗജന്യ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുന്നു. ഇവർക്ക് നിയമപരമായി ജോലി ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുകയും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു.

കിങ് സൽമാൻ റിലീഫ് സെന്റർ വഴി ദുരിതബാധിത പ്രദേശങ്ങളിൽ വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് സൗദി നടത്തുന്നത്. അഭയാർഥി ക്യാമ്പുകൾ നിർമിക്കുക, മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ സ്ഥാപിക്കുക, ഭക്ഷണപ്പൊതികളും താൽക്കാലിക ടെന്റുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്. കൂടാതെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന പ്രൊജക്ടുകളും ശുചിത്വ പരിപാലന പദ്ധതികളും ഈ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നുവരുന്നു. മാനവികതയിലൂന്നിയ ഈ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള ദുരിതബാധിതർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

TAGS :

Next Story