Quantcast

7 വർഷത്തിനിടെ 23 ഇരട്ടി വളർച്ച: വെള്ളിത്തിരയിൽ പുത്തൻ ചരിത്രമെഴുതി സൗദി അറേബ്യ

കഴിഞ്ഞ വർഷം മാത്രം 92.1 കോടി റിയാൽ വരുമാനം

MediaOne Logo

Web Desk

  • Published:

    12 April 2026 6:26 PM IST

7 വർഷത്തിനിടെ 23 ഇരട്ടി വളർച്ച: വെള്ളിത്തിരയിൽ പുത്തൻ ചരിത്രമെഴുതി സൗദി അറേബ്യ
X

റിയാദ്: സൗദിയുടെ കഴിഞ്ഞ വർഷത്തെ ബോക്‌സ് ഓഫീസ് കണക്കുകൾ പുറത്ത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 92.1 കോടി റിയാലാണ് സൗദിയിലെ തിയേറ്ററുകൾ വരുമാനമായി നേടിയത്. 2024നെ അപേക്ഷിച്ച് ഒൻപത് ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഏകദേശം 1.88 കോടി ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റഴിഞ്ഞതെന്ന് സൗദി ഫിലിം കമ്മീഷന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്തെ 10 പ്രവിശ്യകളിലായി 62 സിനിമാ തിയേറ്ററുകളും 603 സ്‌ക്രീനുകളുമാണുള്ളത്. തലസ്ഥാനമായ റിയാദാണ് വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത്. റിയാദിൽ നിന്ന് മാത്രം 43.44 കോടി റിയാൽ വരുമാനം ലഭിച്ചപ്പോൾ, മക്ക (24.19 കോടി റിയാൽ), കിഴക്കൻ പ്രവിശ്യ (14.34 കോടി റിയാൽ) എന്നിവ തൊട്ടുപിന്നാലെയുണ്ട്.

പ്രാദേശിക സിനിമകളുടെ കരുത്തുറ്റ സാന്നിധ്യമാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ 11 സൗദി ചിത്രങ്ങളിൽ നിന്ന് മാത്രം 12.26 കോടി റിയാൽ വരുമാനം ലഭിച്ചു. ഏകദേശം 28 ലക്ഷം ടിക്കറ്റുകളാണ് പ്രാദേശിക സിനിമകൾക്കായി വിറ്റഴിഞ്ഞത്. 2018ൽ സിനിമാ പ്രദർശനം പുനരാരംഭിച്ചപ്പോൾ വെറും 3.9 കോടി റിയാലായിരുന്ന വരുമാനം, ഏഴ് വർഷത്തിനുള്ളിൽ 92 കോടിക്ക് മുകളിലെത്തിയത് സൗദിയിലെ സിനിമാ പ്രേക്ഷകരുടെ വലിയ താല്പര്യത്തെയാണ് കാണിക്കുന്നത്. ഒരു ടിക്കറ്റിന് ശരാശരി 49 റിയാലാണ് ഈടാക്കുന്നത്. ആകെ 538 സിനിമകളാണ് കഴിഞ്ഞ വർഷം സൗദിയിലെ സ്‌ക്രീനുകളിൽ എത്തിയത്. വരും വർഷങ്ങളിൽ കൂടുതൽ തിയേറ്ററുകളും നൂതന സാങ്കേതിക വിദ്യകളും എത്തുന്നതോടെ സൗദി മിഡിലീസ്റ്റിലെ തന്നെ ഏറ്റവും വലിയ സിനിമാ വിപണിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story