ഒറ്റ ആഴ്ചയിൽ 2.6 കോടി റിയാൽ കളക്ഷൻ; സൗദി ബോക്സ് ഓഫീസ് തൂത്തുവാരി ഹോളിവുഡ്
ഹിറ്റ് പട്ടികയിൽ ഇടംപിടിച്ച് മോളിവുഡിന്റെ പേട്രിയറ്റ്

റിയാദ്: സൗദി അറേബ്യയിലെ സിനിമാ തിയേറ്ററുകൾക്ക് മികച്ച വാരം. ഏപ്രിൽ 26 മുതൽ മെയ് 2 വരെയുള്ള ഒരാഴ്ചയ്ക്കിടെ 2.6 കോടി റിയാൽ ബോക്സ് ഓഫീസ് വരുമാനമായി ലഭിച്ചതായി ഫിലിം അതോറിറ്റി അറിയിച്ചു. വിവിധ തിയേറ്ററുകളിലായി പ്രദർശിപ്പിച്ച 43 സിനിമകൾക്കായി 4,75,800 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയത് ഹോളിവുഡ് ചിത്രങ്ങളാണ്.
1.32 കോടി റിയാൽ കളക്ഷൻ വാരി അമേരിക്കൻ ചിത്രമായ മിഖായേൽ ഹിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഈ ചിത്രത്തിന്റെ മാത്രം 2,05,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. മറ്റൊരു അമേരിക്കൻ ചിത്രം 'ദ ഡെവിൽ വെയേഴ്സ് പ്രാഡ 2' 65 ലക്ഷം റിയാൽ വരുമാനത്തോടെ 98,400 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ആഴ്ചകളിലും ഹിറ്റടിച്ച ഈജിപ്ഷ്യൻ ചിത്രമായ ബർഷാമയും 35 ലക്ഷം റിയാൽ കളക്ഷനുമായി ഈ ആഴ്ചയിലും ബോക്സ് ഓഫീസ് ഹിറ്റ് പട്ടികയിലുണ്ട്. ഈ ചിത്രം റിലീസ് ചെയ്തത് മുതൽ ഇതുവരെ ആകെ 3.29 കോടി റിയാൽ നേടിക്കഴിഞ്ഞു.
ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയിൽ അമേരിക്കൻ ചിത്രങ്ങളായ 'ഡീപ്പ് വാട്ടർ', ലീ ക്രോണിന്റെ 'ദ മമ്മി', 'ദ സൂപ്പർ മാരിയോ ഗാലക്സി മൂവി', 'ഗോട്ട്' എന്നിവയും ഇടംപിടിച്ചു. മോളിവുഡിന്റെ പേട്രിയറ്റും സൗദി ബോക്സ് ഓഫീസിൽ വൻ ഹിറ്റടിച്ചു. അറബിക് ചിത്രങ്ങളായ 'സഫാഹ് അൽ തജ്മഅ്, ആഴ്ചകളായി പട്ടികയിൽ തുടരുന്ന 'ഷബാബ് അൽ ബോംബ് 3 എന്നിവയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളികളുടെ വാഴ 2വും ആട് 3യും സൗദി ബോക്സ് ഓഫീസിൻ വൻ കളക്ഷൻ വാരിയിരുന്നു.
Adjust Story Font
16

