ഹജ്ജ് 2025: തീർഥാടകർക്കായി സേവനത്തിനിറങ്ങിയത് 4 ലക്ഷത്തിലേറെ തൊഴിലാളികൾ
മൊത്തം 16.5 ലക്ഷത്തിലധികം തീർഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുത്തത്

ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനം നൽകാനായി നാലു ലക്ഷത്തിലധികം തൊഴിലാളികൾ രംഗത്തിറങ്ങിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. മൊത്തം 16.5 ലക്ഷത്തിലധികം ഹാജിമാരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുത്തത്. മക്ക റോഡ് ഇനിഷ്യേറ്റീവിന്റെ പ്രയോജനം മൂന്ന് ലക്ഷത്തിലധികം തീർത്ഥാടകർക്ക് ലഭിച്ചു.
അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 4,20,000 തൊഴിലാളികളാണ് ഹജ്ജിന്റെ വിവിധ മേഖലകളിൽ തീർഥാടകരുടെ സേവനത്തിൽ പങ്കാളികളായത്. ഈ വർഷം 1,506,576 തീർത്ഥാടകർ വിദേശത്തുനിന്നാണ് എത്തിയത്. ഇവരുടെ സേവനത്തിൽ പങ്കാളികളായവരിൽ 92% പുരുഷന്മാരും 8% സ്ത്രീകളുമായിരുന്നു.
ഇതുകൂടാതെ, 34,500 പുരുഷ-വനിതാ വളണ്ടിയർമാരും ഹജ്ജ് ദിനങ്ങളിൽ ഉൾപ്പെടെ തീർഥാടകരുടെ സേവനത്തിൽ പങ്കെടുത്തു. തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ സ്വന്തം രാജ്യങ്ങളിൽ വെച്ച് പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് മക്ക റോഡ് ഇനിഷ്യേറ്റീവ്. ഇത്തവണ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 3,14,000 ഹാജിമാരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. ഇത് മൊത്തം ഹാജിമാരുടെ 20 ശതമാനത്തിലധികം വരും.
ആഭ്യന്തര, അന്തർദേശീയ തീർത്ഥാടകരിൽ 8,75,800 പേർ പുരുഷന്മാരും 7,95,300 പേർ സ്ത്രീകളുമായിരുന്നുവെന്നും അതോറിറ്റി അറിയിച്ചു.
Adjust Story Font
16

