Quantcast

4840 കോടി റിയാൽ!; സൗദിയിലേക്ക് 2025 അവസാനമെത്തിയത് റെക്കോർഡ് വിദേശ നിക്ഷേപം

രാജ്യത്തുനിന്ന് പുറത്തേക്ക് പോകുന്ന നിക്ഷേപത്തിന്റെ അളവിൽ വലിയ കുറവുണ്ടായത് ശ്രദ്ധേയമാണ്.

MediaOne Logo

Web Desk

  • Published:

    31 March 2026 5:27 PM IST

4840 കോടി റിയാൽ!; സൗദിയിലേക്ക് 2025 അവസാനമെത്തിയത് റെക്കോർഡ് വിദേശ നിക്ഷേപം
X

റിയാദ്: ആഗോള നിക്ഷേപകരുടെ പ്രിയപ്പെട്ട കേന്ദ്രമായി സൗദി മാറുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ. 2025ന്റെ അവസാന പാദത്തിൽ രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിദേശനിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച് 90 ശതമാനം വർധിച്ച് 48.4 ബില്യൺ റിയാലിലെത്തി. 2024ൽ ഇതേ സമയത്ത് ഇത് 25.5 ബില്യൺ റിയാലായിരുന്നു.

രാജ്യത്തെ ബിസിനസ് മേഖലയിലുള്ള വിദേശ നിക്ഷേപകരുടെ വർധിച്ചുവരുന്ന വിശ്വാസമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം. മുൻവർഷത്തെ അപേക്ഷിച്ച് വിദേശത്തുനിന്ന് സൗദിയിലേക്ക് എത്തിയ നിക്ഷേപം 29 ശതമാനം ഉയർന്ന് 50.6 ബില്യൺ റിയാലിലെത്തി. മൂന്നാം പാദത്തെ അപേക്ഷിച്ച് നോക്കുമ്പോൾ നിക്ഷേപത്തിന്റെ ഒഴുക്കിൽ 69 ശതമാനത്തിന്റെ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി സമ്പദ്വ്യവസ്ഥയുടെ കരുത്തും വിഷൻ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും നിക്ഷേപകരെ ആകർഷിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തുനിന്ന് പുറത്തേക്ക് പോകുന്ന നിക്ഷേപത്തിന്റെ അളവിൽ വലിയ കുറവുണ്ടായത് ശ്രദ്ധേയമാണ്. 2024 അവസാന പാദത്തിൽ 13.8 ബില്യൺ റിയാൽ പുറത്തേക്ക് പോയിരുന്നിടത്ത്, ഇത്തവണ അത് വെറും 2.2 ബില്യൺ റിയാലായി കുറഞ്ഞു. നിക്ഷേപം രാജ്യത്തിനകത്ത് തന്നെ നിലനിൽക്കുന്നതും വിദേശത്തുനിന്ന് പുതിയ നിക്ഷേപങ്ങൾ വൻതോതിൽ എത്തുന്നതും സൗദി അറേബ്യയുടെ സാമ്പത്തിക അടിത്തറയെ കൂടുതൽ ഭദ്രമാക്കുന്നു. വരും വർഷങ്ങളിലും ഇതേ വളർച്ച തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

TAGS :

Next Story