18 ദിവസം 6.2 കോടി റിയാൽ; ബോക്സ് ഓഫീസ് വേട്ട തുടർന്ന് സെവൻ ഡോഗ്സ്
അറബ് സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി

റിയാദ്: ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് സൗദി ചിത്രം സെവൻ ഡോഗ്സ്. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി വെറും 18 ദിവസങ്ങൾക്കുള്ളിൽ ചിത്രം 1.67 കോടി ഡോളർ (ഏകദേശം 6.2 കോടി സൗദി റിയാൽ) കളക്ഷൻ നേടി. ചിത്രത്തിന്റെ 21,35,757 ലക്ഷം ടിക്കറ്റുകളാണ് ഈ കാലയളവിൽ വിറ്റഴിച്ചത്. ഇതോടെ അറബ് സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട ചിത്രമെന്ന റെക്കോർഡും സെവൻ ഡോഗ്സ് സ്വന്തമാക്കി.
റിലീസ് ചെയ്ത് വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 1.5 കോടിയിലധികം യു.എസ് ഡോളർ (5,63,16,495 കോടി സൗദി റിയാൽ) ബോക്സ്ഓഫീസ് കളക്ഷൻ സിനിമ നേടിയിരുന്നു. 20 ലക്ഷത്തിനടുത്ത് ടിക്കറ്റുകളും ഈ കാലയളവിൽ വിറ്റഴിച്ചു. നേരത്തെ, അറബ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യ വാര കളക്ഷൻ റെക്കോർഡ് ചിത്രം സ്വന്തമാക്കിയിരുന്നു. അറബ് വിപണിയിലുടനീളം വൻ ജനപ്രീതി നേടിയ ചിത്രം വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിലും പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്.
സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ പിന്തുണയോടെയാണ് സിനിമ പുറത്തിറക്കിയത്. അതോറിറ്റിയുടെ ചെയർമാനായ തുർക്കി അൽ ഷെയ്‌ഖിന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ. ഈജിപ്ഷ്യൻ സൂപ്പർ താരങ്ങളായ അഹമ്മദ് എസ്, കരീം അബ്ദുൽ അസീസുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവർക്കൊപ്പം ഹോളിവുഡ് താരം മോണിക്ക ബെലൂച്ചി, ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, സഞ്ജയ് ദത്ത്, സൗദി താരം നാസർ അൽ ഖസബി എന്നിവരും അണിനിരക്കുന്നുണ്ട്.
ഇന്റർപോൾ ഉദ്യോഗസ്ഥനായ ഖാലിദ് അൽ അസ്സീസിയും 'സെവൻ ഡോഗ്സ്' എന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ അംഗമായ ഗാലിയും ചേർന്ന് മയക്കുമരുന്ന് മാഫിയക്കെതിരെ നടത്തുന്ന അതീവ രഹസ്യവും സങ്കീർണവുമായ ദൗത്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗദി തലസ്ഥാനമായ റിയാദിലെ ബിഗ് ടൈം സ്റ്റുഡിയോയിലാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. നിലവിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമ വരും ദിവസങ്ങളിലും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് സൂചന.
Adjust Story Font
16

