Quantcast

കുട്ടിക്കളിയല്ല, ജാ​ഗ്രത വേണം; 65% സൗദി കുട്ടികളും പ്രായത്തിന് അനുയോജ്യമല്ലാത്ത ദൃശ്യങ്ങൾ കാണുന്നുവെന്ന് പഠനം

ഡിജിറ്റൽ സൗഹൃദങ്ങൾ കൂടുന്നതായി റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    19 Jun 2026 6:56 PM IST

കുട്ടിക്കളിയല്ല, ജാ​ഗ്രത വേണം; 65% സൗദി കുട്ടികളും പ്രായത്തിന് അനുയോജ്യമല്ലാത്ത ദൃശ്യങ്ങൾ കാണുന്നുവെന്ന് പഠനം
X

റിയാദ്: സൗദി അറേബ്യയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളിൽ വലിയൊരു വിഭാഗവും തങ്ങളുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത സിനിമകളും ഗെയിമുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും കാണുന്നതായി കണ്ടെത്തൽ. രാജ്യത്തെ പ്രമുഖ ജീവകാരുണ്യ ഗവേഷണ സംഘടനയായ കിങ് ഖാലിദ് ഫൗണ്ടേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത്. 'ദി നെക്സ്റ്റ് ജനറേഷൻ ഓഫ് സൗദീസ്: ചൈൽഡ്ഹുഡ് ഇൻ സൗദി അറേബ്യ' എന്ന പേരിൽ പുറത്തിറക്കിയ പഠന റിപ്പോർട്ട് പ്രകാരം രാജ്യത്തെ 65 ശതമാനം കുട്ടികളും കടുത്ത ഡിജിറ്റൽ ഭീഷണി നേരിടുന്നുണ്ട്.

കിങ് ഖാലിദ് ഫൗണ്ടേഷൻ, സ്വാലിഹ് കാമിൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, അൽ മുഹൈദിബ് ഫൗണ്ടേഷൻ ഫോർ കമ്മ്യൂണിറ്റി സർവീസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ സൗദി സെന്റർ ഫോർ ഒപ്പീനിയൻ പോൾസ് നടത്തിയ വിപുലമായ സർവേയിലാണ് ഈ കണ്ടെത്തൽ. ഇലക്ട്രോണിക് ഗെയിമുകളുടെ ലോകത്ത് കുട്ടികൾ വിവിധ പ്രായത്തിലുള്ള അപരിചിതരുമായി സമ്പർക്കം പുലർത്തുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് കുട്ടികളുടെ പ്രായത്തിന് നിരക്കാത്ത ഭാഷയും അശ്ലീലമായ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിലേക്ക് അവരെ നയിക്കുന്നു. കുട്ടികൾ ഇന്റർനെറ്റിലൂടെ മാത്രം പരിചയപ്പെടുന്ന ഇത്തരം 'ഡിജിറ്റൽ സുഹൃത്തുക്കളെ' ഒരു വിഭാഗം മാതാപിതാക്കൾ അംഗീകരിക്കുന്നുണ്ടെന്നും അവരുമായുള്ള ആശയവിനിമയത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും സർവേ ഫലം വ്യക്തമാക്കുന്നു.

എന്നാൽ, ഇത്തരം ഓൺലൈൻ സൗഹൃദങ്ങളിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് ഡിജിറ്റൽ സുഹൃദ്ബന്ധങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന കുട്ടികളും കുറവല്ല. ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകളും പരസ്പരവിരുദ്ധമായ പെരുമാറ്റങ്ങളും കാരണം ഡിജിറ്റൽ സൗഹൃദങ്ങൾ തങ്ങൾക്ക് താല്പര്യമില്ലെന്ന് പല കുട്ടികളും തുറന്നുസമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ ഇന്റർനെറ്റ്-സോഷ്യൽ മീഡിയ ഉപയോഗത്തിൽ രക്ഷിതാക്കളുടെ കർശനമായ നിരീക്ഷണവും ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണവും അടിയന്തരമായി വേണമെന്നാണ് ഈ പഠന റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.

TAGS :

Next Story