ടണൽ ബോറിങ് മെഷീൻ റെഡി; റിയാദ് മെട്രോയിൽ 7.1 കി.മീ തുരങ്കപാത
അഞ്ച് പുതിയ സ്റ്റേഷനുകൾ കൂട്ടിച്ചേർക്കും

റിയാദ്: റിയാദ് മെട്രോ വികസനത്തിനായുള്ള ഭൂഗർഭ തുരങ്ക നിർമാണത്തിന് തുടക്കമിടാനൊരുങ്ങി സൗദി അറേബ്യ. ഇതിനായുള്ള ടണൽ ബോറിങ് മെഷീനുകൾ (ടിബിഎം) ഉടൻ റിയാദിലെത്തിക്കും. റെഡ് ലൈൻ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. അഞ്ച് പുതിയ സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് വിപുലീകരണ പദ്ധതി.
പാതയുടെ പ്രധാന ഭാഗങ്ങൾ ഭൂമിക്കടിയിലാണ്. ഇതിനായുള്ള ഭൂഗർഭ തുരങ്ക നിർമാണത്തിനുള്ള ടണൽ ബോറിങ് മെഷീന്റെ പരിശോധനകൾ പൂർത്തിയാക്കി. വരും ദിവസങ്ങളിൽ മെഷീൻ റിയാദിൽ എത്തും. കിങ് സൗദ് യൂണിവേഴ്സിറ്റിയെ ദിരിയ ഗേറ്റ് വികസന പദ്ധതിയുമായി ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ടണൽ. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. പുതിയ പദ്ധതിയിൽ 8.4 കിലോമീറ്ററാണ് മെട്രോ നെറ്റ് വർക്കിലേക്ക് കൂട്ടിച്ചേർക്കുക. ഇതിൽ 7.1 കിലോമീറ്റർ ഭൂഗർഭ തുരങ്കങ്ങളും 1.3 കിലോമീറ്റർ എലിവേറ്റഡ് ട്രാക്കുമാണ്. പുതിയ പദ്ധതി നടപ്പാകുന്നതോടെ റിയാദിലെ പൊതുഗതാഗതം കൂടുതൽ എളുപ്പമാകും.
എർത്ത് പ്രഷർ ബാലൻസ് (ഇപിബി) സിസ്റ്റം ഉപയോഗിച്ചാണ് ടിബിഎം പ്രവർത്തിക്കുക. ഈ ടിബിഎമ്മിന് 11.16 മീറ്റർ വ്യാസമുള്ള കട്ടർഹെഡാണുണ്ടാകുക. 105 മീറ്റർ മൊത്തം നീളവുമുണ്ടാകും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നതാണ് മെഷീൻ. ടണലിങ്ങിനിടെ വ്യത്യസ്ത ഭൂമിശാസ്ത്ര സാഹചര്യങ്ങളിൽ സുരക്ഷിതമായി സഞ്ചരിക്കാനാകും. അതേസമയം, കൃത്യവും ഫലപ്രദവുമായി തുരങ്കം നിർമിക്കുകയും ചെയ്യും.
പ്രധാന സ്ഥലങ്ങളിലും വൻ ഡിമാൻഡുള്ള പ്രദേശങ്ങളിലുമായി അഞ്ച് പുതിയ സ്റ്റേഷനുകളാണ് പദ്ധതിയിലുണ്ടാകുക. രണ്ട് സ്റ്റേഷനുകൾ കിങ് സൗദ് സർവകലാശാലയിലായിരിക്കും. ഒന്ന് മെഡിക്കൽ സിറ്റിക്കും ആരോഗ്യ കോളേജുകൾക്കുമായിരിക്കും. മറ്റൊന്ന് സർവകലാശാലയുടെ പ്രധാന കാമ്പസിലും. ബാക്കിയുള്ള മൂന്ന് സ്റ്റേഷനുകൾ ദിരിയയിൽ നിർമിക്കും. അതിൽ ഒന്ന് ഭാവിയിൽ ലൈൻ 7-നുമായുള്ള ഇന്റർചേഞ്ചായി പ്രവർത്തിക്കും.
Adjust Story Font
16

