'ഒരു വിളിക്കപ്പുറം കരുതലായി'...; ജൂണിൽ സൗദിയിലെ ഹെൽപ്പ്ലൈനായ '911'ലേക്ക് എത്തിയത് 26 ലക്ഷം കോളുകൾ
11 ലക്ഷം കോളുകളാണ് റിയാദിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തത്.

റിയാദ്: സൗദി അറേബ്യയിലെ നാഷണൽ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററിന്റെ ഏകീകൃത അടിയന്തര നമ്പറായ 911ലേക്ക് കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം എത്തിയത് 26 ലക്ഷത്തിലധികം ഫോൺ കോളുകൾ. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ നാല് പ്രധാന മേഖലകളിൽ നിന്നായാണ് ഇത്രയും വലിയ തോതിൽ ആളുകൾ സഹായം തേടിയത്. അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനങ്ങളുടെ സഹായത്തോടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള വിദഗ്ധരായ ജീവനക്കാരുടെ മേൽനോട്ടത്തിലുമാണ് ഈ ഓപ്പറേഷൻസ് സെന്ററുകൾ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും സജീവമായ ഈ സംവിധാനം വഴി, ലഭിക്കുന്ന അടിയന്തര സന്ദേശങ്ങൾ ഒട്ടും സമയം കളയാതെ തന്നെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളിലേക്കും മറ്റ് സേവന ഏജൻസികളിലേക്കും കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കുന്നുണ്ട്.
വിവിധ പ്രവിശ്യകളിൽ നിന്ന് ലഭിച്ച കോളുകളുടെ എണ്ണത്തിൽ റിയാദ് മേഖലയാണ് ഏറ്റവും മുന്നിലുള്ളത്. 11 ലക്ഷം കോളുകളാണ് റിയാദിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെയുള്ള മക്ക മേഖലയിൽ നിന്ന് 7,90,000 കോളുകളും കിഴക്കൻ പ്രവിശ്യയിൽ നിന്ന് 501,000 കോളുകളും ഓപ്പറേഷൻസ് സെന്റർ സ്വീകരിച്ചു. മദീന പ്രവിശ്യയിൽ നിന്ന് 227,000 കോളുകളാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ വേഗത വർധിപ്പിക്കാനും വ്യത്യസ്ത സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാനും 911 ഏകീകൃത സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്.
Adjust Story Font
16

