മതിയായ അനുമതിയില്ലാതെ അമിതഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകൾ നടത്തി; ജിദ്ദയിൽ സ്വകാര്യ ആശുപത്രിക്ക് താത്കാലിക പൂട്ട്
നിയമലംഘനത്തിന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തി

ജിദ്ദ: മതിയായ അനുമതിയില്ലാതെ അമിതഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകൾ നടത്തിയ ജിദ്ദയിലെ സ്വകാര്യ ആശുപത്രി ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. രാജ്യത്തെ ആരോഗ്യ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം നടത്തുന്ന ഫീൽഡ് പരിശോധനക്കിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. ആരോഗ്യ സേവനങ്ങളുടെ വിശ്വാസ്യതയും രോഗികളുടെ സുരക്ഷയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി.
ആശുപത്രിയിലെ ഒബീസിറ്റി സർജറി വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെപ്പിച്ചു. കൂടാതെ, അടുത്ത 6 മാസത്തേക്ക് ഈ വിഭാഗത്തിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകുന്നതിൽ നിന്ന് സ്ഥാപനത്തെ വിലക്കുകയും ചെയ്തു. നിയമലംഘനത്തിന് ഒരു ലക്ഷം റിയാൽ പിഴയും ചുമത്തി. ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളോ പോരായ്മകളോ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഏകീകൃത കോൾ സെന്ററായ 937 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
Adjust Story Font
16

