മഴയിൽ രൂപപ്പെടുന്ന അത്ഭുത തടാകം; പ്രകൃതി സ്നേഹികളുടെ ഇഷ്ട കേന്ദ്രമായി ഉനൈസയിലെ അൽ-ഔശസിയ
ഏകദേശം 50 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി

റിയാദ്: സൗദി അറേബ്യയുടെ ഹൃദയഭാഗത്ത് ഖസീം മേഖലയിലെ ഉനൈസ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽ-ഔശസിയ തടാകം ഇപ്പോൾ പ്രകൃതി പ്രേമികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ്. മനോഹരമായ കാലാവസ്ഥയും അത്ഭുതകരമായ പ്രകൃതി ഭംഗിയും തേടിയെത്തുന്നവരെ ആകർഷിക്കുന്ന ഈ ജലാശയം രാജ്യത്തെ ഏറ്റവും പ്രമുഖ പ്രകൃതി ലാൻഡ്മാർക്കുകളിൽ ഒന്നാണ്.
തനതായ പരിസ്ഥിതി സവിശേഷതകളും വിശാലമായ പ്രദേശങ്ങളും കൊണ്ട് വേറിട്ട് നിൽക്കുന്ന അൽ-ഔശസിയ മഴക്കാലത്ത് ഒരു പ്രകൃതി അത്ഭുതമായി രൂപാന്തരപ്പെടുന്നു. മഴവെള്ളം ശേഖരിച്ച് രൂപം കൊള്ളുന്ന ഈ തടാകം ഏകദേശം 50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കും. കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വാദ്യകരമായ ഇടമാണിത്. ഫോട്ടോഗ്രാഫർമാർക്ക് സ്വർഗവും.
പുരാതന കാലം മുതൽ ഉപ്പ് ഖനനത്തിന്റെ ചരിത്രം കൊണ്ട് പ്രാധാന്യമർഹിച്ചതാണ് ഈ പ്രദേശം. തടാകത്തിൽ നിന്നും ഉപ്പ് ഖനനം ചെയ്തിരുന്നതിനാൽ അൽ ഔശസിയ നഗരം ഉപ്പ് ഗ്രാമം, വെള്ള തങ്കത്തിന്റെ ഖനി എന്നെല്ലാം അറിയപ്പെട്ടു. പൂർവികർ വലിയ പ്രാധാന്യം നൽകി വികസിപ്പിച്ച ഈ ഉപ്പ് വ്യവസായത്തെക്കുറിച്ച് പ്രശസ്ത യാത്രികരായ അൽ-റിഹാനിയും ഫിൽബിയും തങ്ങളുടെ വിവരണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഖസീം മേഖല പ്രകൃതി, ഭൂമിശാസ്ത്ര, പൈതൃക, സാംസ്കാരിക വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ്. ക്യാമ്പിങ്ങിനും മറ്റു സാഹസിക വിനോദയാത്രയ്ക്കും അനുയോജ്യമായ വിശാല മരുഭൂമിയും സുവർണ മണൽത്തിട്ടകളും ഇവിടത്തെ പ്രത്യേകതയാണ്.
Adjust Story Font
16

