അബ്ദുറഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റ് വിവിധ വകുപ്പുകളിലേക്ക് അയച്ചു
2026 മെയ് 20നാണ് 20 വർഷ ശിക്ഷാ കാലാവധി പൂർത്തിയാകുക
റിയാദ്: റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചു. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.
ഇതിനോടകം 19 വർഷത്തിലധികം ജയിൽ ശിക്ഷ പൂർത്തിയാക്കിയ അബ്ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൻമേൽ ഇളവ് നൽകി മാപ്പ് ലഭിക്കാനുള്ള നിരന്തര ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും അബ്ദു റഹിം നിയമ സഹായസമിതിയും.
ദിയാധനം നൽകുകയും ദീർഘകാലത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ അഡ്വ. റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20 നാണ് പൂർത്തിയാവുക.
നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്. സൗദി പൗരന്റെ മരണത്തെ തുടർന്ന് നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്ന അബ്ദുറഹീമിന് ദിയാധനം നൽകിയതിനാൽ സൗദി കുടുംബം മാപ്പ് നൽകിയിരുന്നു. ഇതോടെ വധശിക്ഷ റദ്ദാക്കപ്പെട്ടു. പിന്നീട് പൊതുഅവകാശ പ്രകാരം കുറ്റാക്കാരനാണെന്ന് കണ്ടെത്തി 20 വർഷം ശിക്ഷ വിധിച്ച റിയാദിലെ അപ്പീൽ കോടതിയുടെ വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.
Adjust Story Font
16

