AFC U23 ഏഷ്യൻ കപ്പ്: കിർഗിസ്ഥാനെതിരെ സൗദിക്ക് ഒരു ഗോൾ വിജയം
രാത്രി ഏഴരക്ക് ഖത്തറും യുഎഇയും ഏറ്റുമുട്ടും

ജിദ്ദ: 2026ലെ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) U23 ഏഷ്യൻ കപ്പിന് സൗദി അറേബ്യയിലെ ജിദ്ദയിൽ തുടക്കം. കിർഗിസ്ഥാനെതിരെ നടന്ന തങ്ങളുടെ ആദ്യ ഗ്രൂപ്പ് തല മത്സരത്തിൽ സൗദി ഒരു ഗോൾ വിജയം നേടി. റകാൻ ഖാലിദ് ആൽ ഖാംദിയാണ് (88) ഗോളടിച്ചത്. ജോർദാനെതിരെ വിയറ്റ്‌നാമും വിജയിച്ചു. രണ്ട് ഗോളിനാണ് വിജയം.
സൗദി കായിക മന്ത്രിയും സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി (എസ്.ഒ.പി.സി) പ്രസിഡന്റുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ചടങ്ങ്. ജിദ്ദ ഗവർണർ പ്രിൻസ് സഊദ് ബിൻ അബ്ദുല്ല ബിൻ ജലാവി പങ്കെടുത്തു. ജനുവരി 24 വരെയാണ് ടൂർണമെന്റ്. ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽഫൈസൽ സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ഏഴാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്.
ജോർദാനും വിയറ്റ്നാമിനുമെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ സൗദിയുടെ ഇതര മത്സരങ്ങൾ. ജനുവരി ഒമ്പതിനാണ് ജോർദാനുമായുള്ള മത്സരം. രാത്രി ഏഴരക്ക് പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് പോരാട്ടം. ജനുവരി 12ന് ഏഴരക്കാണ് വിയറ്റ്നാമുമായുള്ള മത്സരം. പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയമാണ് വേദി.
U23 ഏഷ്യൻ കപ്പിൽ ഇന്ന് നാല് മത്സരങ്ങളാണുള്ളത്. ഉച്ചക്ക് രണ്ട് മണിക്ക് ജപ്പാൻ സിറിയയെ നേരിടും. ജിദ്ദ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയാണ് വേദി. രണ്ട് മണിക്ക് നടക്കുന്ന മറ്റൊരു മത്സരത്തിൽ സൗത്ത് കൊറിയ ഇറാനെതിരെ ഇറങ്ങും. റിയാദിലെ അൽ ഷബാബ് എഫ്‌സി അറീനയിലാണ് പോരാട്ടം.
വൈകിട്ട് അഞ്ച് മണിക്ക് ഉസ്‌ബെക്കിസ്ഥാൻ X ലെബനാൻ മത്സരം നടക്കും. റിയാദ് പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്‌റ്റേഡിയമാണ് വേദി. രാത്രി ഏഴരക്ക് ഖത്തറും യുഎഇയും ഏറ്റുമുട്ടും. ജിദ്ദ പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്‌റ്റേഡിയമാണ് വേദി.
Adjust Story Font
16

