മൂന്ന് തോൽവികൾക്കൊടുവിൽ വിജയവഴിയിൽ തിരിച്ചെത്തി അൽനസ്ർ
അൽ ഷബാബിനെതിരെ 3-2 വിജയം

റിയാദ്: സൗദി പ്രോ ലീഗ് 2025-26 സീസണിൽ വിജയവഴിയിൽ തിരിച്ചെത്തി അൽ നസ്ർ. അൽ ഷബാബിനെതിരെ 3-2 ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും വിജയിച്ചുകയറി. മൂന്നു മത്സരങ്ങളിലെ തോൽവികൾക്കൊടുവിലാണ് മടങ്ങിവരവ്.
അൽനസ്‌റിന്റെ സഅദ് യസ്‌ലമും അൽ ഷബാബിന്റെ മുഹമ്മദ് സിമകാനും മത്സരത്തിൽ സെൽഫ് ഗോളടിച്ചു. സഅദ് രണ്ടാം മിനിറ്റിലും സിമകാൻ 31ാം മിനിറ്റിലുമാണ് സ്വന്തം ടീമിനെ നിരാശപ്പെടുത്തിയത്. എന്നാൽ എട്ടാം മിനിറ്റിൽ കിങ്‌സ്‌ലി കോമാനും 76ാം മിനിറ്റിൽ അബ്ദുറഹ്‌മാൻ ഖരീബും മഞ്ഞപ്പടയുടെ മാനം കാത്തു. 53ാം മിനിറ്റിൽ കാർലോസ് അൽ ഷബീബിനായി ലക്ഷ്യം കണ്ടു. 67ാം മിനിറ്റിൽ വിൻസെന്റ് സിയേറോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് അൽ ഷബാബിന് തിരിച്ചടിയായി.
നേരത്തെ അൽ ഹിലാൽ, ഖാദിസിയ്യ, അൽ അഹ്‌ലി സൗദി എന്നീ ടീമീകളോടാണ് അൽ നസ്ർ തോൽവി നേരിട്ടിരുന്നത്. അൽ ഇത്തിഫാഖിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു.
നിലവിൽ 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി അൽ നസ്ർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിനെക്കാൾ നാല് പോയിന്റുകൾ കുറവാണ് ടീമിന്. ഞായറാഴ്ച നിയോം എസ്സിക്കെതിരെ ഒരു മത്സരം ശേഷിക്കുന്നുമുണ്ട് അൽ ഹിലാലിന്. 11 പോയിന്റുമായി അൽ ഷബാബ് 15-ാം സ്ഥാനത്താണ്.
Adjust Story Font
16

