പ്രിയതമയുടെ വിയോഗവാർഷികത്തിൽ ശ്രീകുമാറും മടങ്ങി; നോവായി പ്രവാസിയുടെ മരണം
അടുത്തിടെയാണ് ശ്രീകുമാറും മകൾ ദേവികയും ജുബൈലിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്

ദമ്മാം: ജുബൈലിൽ പ്രവാസിയായ കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ശ്രീകുമാർ നായർ (40) ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടിൽ മരിച്ചു. അടുത്തിടെയാണ് ശ്രീകുമാറും മകൾ ദേവികയും ജുബൈലിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്. കൃത്യം ഒരു വർഷം മുൻപ് ഇതേ കാലയളവിലായിരുന്നു ശ്രീകുമാറിന്റെ ഭാര്യയും ജുബൈൽ അൽ മന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായിരുന്ന ശ്രീലക്ഷ്മി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഭാര്യയുടെ ഒന്നാം ചരമവാർഷികം തികയുന്ന വേളയിൽ തന്നെ ശ്രീകുമാറിനെയും മരണം കവർന്നത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തീരാവേദനയായി. രാജൻ നായരുടെയും ശാന്തയുടെയും മകനാണ്. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ദേവികയാണ് ഏക മകൾ.
റാസ് തനൂറയിൽ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന ശ്രീകുമാർ, ജുബൈലിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. നവോദയ കുടുംബവേദി ജുബൈൽ ടൗൺ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.
Adjust Story Font
16

