ഒഴുകി തീർഥാടകർ; അറഫാ സംഗമം ഇന്ന്
150ലേറെ രാജ്യങ്ങളിൽ നിന്നെത്തിയ 17 ലക്ഷത്തിലേറെ ഹാജിമാർ അറഫയിൽ സംഗമിക്കും

മക്ക: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. ഇതിനായി ഹാജിമാർ രാവിലെ മുതൽ മിനായിൽ നിന്ന് അറഫയിലേക്ക് എത്തുകയാണ്. മസ്ജിദു നമിറയിൽ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 17 ലക്ഷത്തിലേറെ ഹാജിമാർ അറഫയിൽ സംഗമിക്കും. ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ തങ്ങണം. പിന്നീട് മുസ്ദലിഫയിൽ രാപ്പാർത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കർമം, ഹജ്ജിന്റെ ത്വവാഫ്, ബലി കർമം എന്നിവ പൂർത്തിയാക്കിയാൽ തീർഥാടകന് ഹജ്ജിന് അർധവിരാമം കുറിക്കാം. ഇന്ന് മുഴുവൻ അറഫയിൽ നിന്ന് വിശേഷങ്ങളുമായി മീഡിയവൺ ഉണ്ടാകും.
കനത്ത സുരക്ഷയിലാണ് ഇത്തവണ ഹജ്ജ്. ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ ഹാജിമാരുടെ സുരക്ഷയൊരുക്കാനായി പുണ്യനഗരികളിൽ നിലയിറപ്പിച്ചിട്ടുണ്ട്. ഒന്നര ദശലക്ഷത്തിലേറെ തീർഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത്.
ഒന്നരമാസം നീണ്ട സുരക്ഷാ മുന്നൊരുക്കങ്ങളുടെയാണ് ഇത്തവണ ഹജ്ജ്. അനധികൃതമായി പ്രവേശിച്ച രണ്ടരലക്ഷം പേരെ മക്കയിൽ നിന്ന് പുറത്താക്കിയിരുന്നു. പതിനാറായിരത്തോളം അനധികൃത തീർഥാടകർക്ക് പിഴയും കിട്ടി. പരിശോധന വ്യാപകമാക്കിയതിന്റെ ഫലം ലഭിച്ചത് ഹാജിമാർക്കാണ്. മക്കയിലെ റോഡുകളിൽ തിരക്ക് കുറഞ്ഞു. ഇന്നലെ മിനയിലേക്ക് ബസ്മാർഗം എത്താൻ എടുത്ത സമയം ശരാശരി 15 മിനിറ്റാണ്. നേരത്തെ ഇതിന് മണിക്കൂറിലേറെ സമയമെടുത്തിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ നേരത്തെ നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നേരത്തെ എല്ലാം നിശ്ചയിക്കാനായി. ഇതിന്റെ നേട്ടം തീർഥാടകർക്ക് വരുദിനങ്ങളിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം കൊടു ചൂടിൽ മുവ്വായിരത്തിലേറെ പേർക്ക് സൂര്യാതപമുണ്ടായിരുന്നു. ആയിരത്തിലേറെ പേർ മരിച്ചു. ഇതിൽ എണ്ണൂറിലേറെ പേർ അനധികൃതമായെത്തിയവരായിരുന്നു. ഈ സാഹചര്യത്തിലാണ് കനത്ത നിയന്ത്രണം.
നിലവിൽ ഒരു ലക്ഷത്തോളം സൈനിക അർധ സൈനിക വിഭാഗങ്ങൾ മിനായെ വലയം ചെയ്തിട്ടുണ്ട്. മുഴുവൻ വാഹനങ്ങളും പരിശോധിക്കുകയാണ്. അല്ലാഹുവിന്റെ അതിഥികൾക്ക് സുരക്ഷിതമായി ഹജ്ജ് നിർവഹിക്കാൻ അവസരമൊരുക്കണം, അനായാസം കർമ്മങ്ങൾ പൂർത്തിയാക്കാൻ കഴിയണം, സംതൃപ്തിയോടെ നാട്ടിലേക്ക് തിരിച്ചയക്കണം. ഇതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ.
Adjust Story Font
16

