Quantcast

ഹോർമൂസ് പ്രതിസന്ധി: ലോക വിപണികളിൽ ദുരന്തം കാണേണ്ടി വരുമെന്ന് അരാംകോയുടെ മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റിലെ ഓയിൽ ഫീൽഡുകൾക്കും റിഫൈനറികൾക്കും കേടുപാടുകൾ സംഭവിച്ചാൽ ഇത് വീണ്ടെടുക്കാനും മാസങ്ങൾ എടുക്കും

MediaOne Logo

Web Desk

  • Published:

    11 March 2026 10:55 PM IST

ഹോർമൂസ് പ്രതിസന്ധി: ലോക വിപണികളിൽ ദുരന്തം കാണേണ്ടി വരുമെന്ന് അരാംകോയുടെ മുന്നറിയിപ്പ്
X

ഹോർമൂസ് കടലിടുക്കിലെ നിലവിലെ സംഘർഷാവസ്ഥ തുടർന്നാൽ ലോകവിപണിയിൽ വൻ ദുരന്തമുണ്ടാകുമെന്ന് സൗദി അരാംകോ സിഇഒ അമീർ നാസർ മുന്നറിയിപ്പ് നൽകി. ഇറാൻ കടലിൽ ബോംബുകൾ സ്ഥാപിച്ചെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഷിപ്പിങ് ലൈനുകൾ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ലോകത്തിന്റെ 20 ശതമാനം ഓയിലും 30 ശതമാനത്തോളം പ്രകൃതിവാതകവും കടന്നുപോകുന്ന ഈ സുപ്രധാന പാത തടസ്സപ്പെട്ടതോടെ യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളുടെ കയറ്റുമതി പൂർണ്ണമായും നിലച്ചു. സൗദിക്ക് ചെങ്കടൽ വഴി ബദൽ മാർഗമുണ്ടെങ്കിലും പ്രധാന എണ്ണപ്പാടങ്ങളെല്ലാം ഗൾഫ് തീരത്തായതിനാൽ പ്രതിസന്ധി രൂക്ഷമാണ്.

നിലവിലെ വിതരണ തടസ്സം പരിഹരിക്കാൻ അന്താരാഷ്ട്ര ഊർജ ഏജൻസി കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ എടുക്കാൻ തീരുമാനിച്ചെങ്കിലും ഇത് രണ്ടാഴ്ചത്തേക്കുള്ള താൽക്കാലിക ആശ്വാസം മാത്രമായിരിക്കും. യുദ്ധം തുടങ്ങിയതോടെ എണ്ണവിലയിൽ 12 മുതൽ 13 ശതമാനം വരെ വർധനവുണ്ടായി. ബ്രെന്റ് ക്രൂഡ് വില 81 ഡോളറിൽ നിന്ന് 119 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 87-90 ഡോളർ നിരക്കിലാണുള്ളത്. ഹോർമൂസിലൂടെയുള്ള ടാങ്കർ ഗതാഗതം നിലച്ചതോടെ ദിവസേന 15-20 മില്യൺ ബാരൽ എണ്ണയുടെ കുറവാണ് വിപണിയിൽ അനുഭവപ്പെടുന്നത്.

ഈ തടസ്സം ഒരു മാസത്തിലധികം നീണ്ടുനിന്നാൽ ആഗോളതലത്തിൽ പെട്രോൾ, ഡീസൽ ക്ഷാമവും കടുത്ത പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും ഉണ്ടാകും. എണ്ണവില 120 ഡോളർ വരെ കടക്കാൻ സാധ്യതയുണ്ട്. കൂടാതെ മിഡിൽ ഈസ്റ്റിലെ ഓയിൽ ഫീൽഡുകൾക്കോ റിഫൈനറികൾക്കോ കേടുപാടുകൾ സംഭവിച്ചാൽ അവ പുനസ്ഥാപിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നും, ഇത് ആഗോള സാമ്പത്തിക വ്യവസ്ഥയെയും കറൻസി മൂല്യത്തെയും തകിടം മറിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

TAGS :

Next Story