Quantcast

ഹോർമൂസ് പ്രതിസന്ധിക്കിടയിലും മികച്ച ലാഭം കൊയ്ത് അരാംകോ; തുണയായത് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ

ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ കമ്പനിയുടെ ലാഭത്തിൽ 26 ശതമാനത്തിന്റെ വർധനവാണുണ്ടായത്

MediaOne Logo
ഹോർമൂസ് പ്രതിസന്ധിക്കിടയിലും മികച്ച ലാഭം കൊയ്ത് അരാംകോ; തുണയായത് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ
X

റിയാദ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണങ്ങളും ആഗോള ഊർജ പ്രതിസന്ധിയും നിലനിൽക്കുമ്പോഴും സാമ്പത്തിക കരുത്ത് തെളിയിച്ച് സൗദി അരാംകോ. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ കമ്പനിയുടെ ലാഭത്തിൽ 26 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കടൽമാർഗമുള്ള എണ്ണ വിതരണത്തിന് തടസ്സങ്ങൾ നേരിട്ട ഘട്ടത്തിൽ, സൗദിക്ക് അകത്തെ കരമാർഗമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയതാണ് അരാംകോയ്ക്ക് കരുത്തായത്. ഇതോടെ ഒന്നാം പാദത്തിലെ ആകെ ലാഭം 12,010 കോടി റിയാലായി ഉയർന്നു. വിപണി വിദഗ്ധർ കണകൂട്ടിയിരുന്ന 11,160 കോടി റിയാലിനേക്കാൾ മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,570 കോടി റിയാലായിരുന്നു കമ്പനിയുടെ ലാഭം. കഴിഞ്ഞ 13 പാദങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന ലാഭവിഹിതം കൂടിയാണിത്.

എണ്ണ വിലയിലുണ്ടായ വർധനവും ഉൽപ്പന്നങ്ങളുടെ വിൽപന കൂടിയതുമാണ് കമ്പനിക്ക് തുണയായത്. ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെയും രാസവസ്തുക്കളുടെയും വിൽപനയിൽ വലിയ പുരോഗതിയുണ്ടായി. ഇതോടെ കമ്പനിയുടെ ആകെ വരുമാനം 6.7 ശതമാനം വർധിച്ച് 43,310 കോടി റിയാലിലെത്തി. വരുമാനത്തിനൊപ്പം തന്നെ പ്രവർത്തന ചെലവുകളിലും നികുതിയിനത്തിലും ചെറിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, മികച്ച വിൽപനയിലൂടെ അതിനെയെല്ലാം മറികടക്കാൻ അരാംകോയ്ക്ക് സാധിച്ചു. 2022ന് ശേഷമുള്ള ഏറ്റവും മികച്ച വരുമാന നിരക്കാണിപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോളതലത്തിലുള്ള രാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും സൗദി അരാംകോ കൈവരിച്ച നേട്ടം കമ്പനിയുടെ പ്രവർത്തനമികവിന്റെയും മുൻകരുതലിന്റെയും ഫലമാണെന്ന് സി.ഇ.ഒ അമീൻ നാസർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണങ്ങൾ ആഗോള എണ്ണ വിപണിയെ ആശങ്കയിലാക്കിയപ്പോൾ, സൗദിക്ക് അകത്തെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വലിയ രക്ഷാകവചമായി മാറി. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ കടത്തിവിടാൻ ശേഷിയുള്ള ഈ പൈപ്പ്ലൈൻ അതിന്റെ പൂർണ ശേഷിയിൽ പ്രവർത്തിപ്പിച്ചതിലൂടെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഇന്ധനം എത്തിക്കാൻ സാധിച്ചുവെന്നും, ആഗോള ഊർജ ആഘാതത്തിന്റെ ആഘാതം കുറയ്ക്കാൻ ഇതിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക സമ്പദ്വ്യവസ്ഥയുടെയും ഊർജ സുരക്ഷയുടെയും നിലനിൽപ്പിന് എണ്ണയുടെയും ഗ്യാസിന്റെയും പ്രസക്തി എത്രത്തോളമുണ്ടെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതായി അമീൻ നാസർ പറഞ്ഞു. വിശ്വസനീയമായ ഊർജ വിതരണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന ഓർമപ്പെടുത്തലാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്നത്. പ്രതികൂലമായ സാഹചര്യങ്ങളിലും കമ്പനിയുടെ തന്ത്രപരമായ മുൻഗണനകളിൽ നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നും, ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങളും ആഗോള ശൃംഖലയും ഉപയോഗപ്പെടുത്തി ഏത് പ്രതിസന്ധിയെയും മറികടക്കാൻ അരാംകോ സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാഭവിഹിതമായി 8,210 കോടി റിയാൽ ഓഹരി ഉടമകൾക്ക് നൽകാനും കമ്പനി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 3.5 ശതമാനം വർധനവാണിത്. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കായി 4,540 കോടി റിയാൽ മാറ്റിവെച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

TAGS :

Next Story