Quantcast

ആസ്ബസ്റ്റോസ് നിരോധനം: വ്യാപാരവും വിതരണവും പൂർണമായി തടയാൻ അടിയന്തര നടപടിയുമായി സൗദി

വെയർഹൗസുകളിലുള്ള സ്റ്റോക്കുകളുടെ കണക്ക് അധികൃതർക്ക് കൈമാറണം

MediaOne Logo

Web Desk

  • Published:

    17 Jun 2026 4:37 PM IST

ആസ്ബസ്റ്റോസ് നിരോധനം: വ്യാപാരവും വിതരണവും പൂർണമായി തടയാൻ അടിയന്തര നടപടിയുമായി സൗദി
X

റിയാദ്: രാജ്യത്ത് ആസ്ബസ്റ്റോസിന്റെ ഉപയോഗവും വിപണനവും പൂർണമായി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സൗദി വാണിജ്യ മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചു. എല്ലാ വാണിജ്യ സ്ഥാപനങ്ങളും ആസ്‌ബെസ്റ്റോസ് അടങ്ങിയ ഉൽപന്നങ്ങളുടെ വിൽപ്പനയും വിതരണവും അടിയന്തിരമായി നിർത്തലാക്കണമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. നിലവിൽ വെയർഹൗസുകളിലുള്ള സ്റ്റോക്കുകൾ കൃത്യമായി കണക്കാക്കി പ്രത്യേക പദ്ധതികളിലൂടെ നശിപ്പിച്ചു കളയുന്നതിനായി കെമിക്കൽ ക്ലിയറൻസ് ഡിപ്പാർട്ട്മെന്റിന് വിവരങ്ങൾ കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്ബസ്റ്റോസ് അടങ്ങിയ വസ്തുക്കൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനുമായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ സമഗ്രമായ തന്ത്രപരമായ പദ്ധതിയാണ് സർക്കാർ തയ്യാറാക്കുന്നത്. ഇതിനായി മന്ത്രിസഭ പ്രത്യേക സ്ഥിരം സമിതി രൂപീകരിക്കുകയും നിയമങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ ദകണക്കുകൾ പ്രകാരം മനുഷ്യശരീരത്തിന് അങ്ങേയറ്റം ഹാനികരമായ ആറ് തരം ആസ്ബസ്റ്റോസ് നാരുകളും ക്യാൻസറിന് കാരണമാകുന്നവയാണ്. ശ്വാസകോശം, തൊണ്ട, അണ്ഡാശയം എന്നിവടങ്ങളിലെ ക്യാൻസറുകൾക്കും ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ ഫൈബ്രോസിസ് പോലുള്ള രോഗങ്ങൾക്കും ആസ്ബസ്റ്റോസ് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പുകവലിക്കുന്നവരിൽ ഇതിന്റെ പാർശ്വഫലങ്ങൾ കൂടുതൽ മാരകമാണ്. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും സംയുക്തമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം, തൊഴിലിടങ്ങളിലെ ആസ്‌ബെസ്റ്റോസ് സമ്പർക്കം മൂലം ലോകമെമ്പാടും പ്രതിവർഷം രണ്ട് ലക്ഷത്തിലധികം ആളുകളാണ് മരണപ്പെടുന്നത്.

TAGS :

Next Story