അഷ്റഫ് ഹുസൈന് റിയാദ് മെക്7 ഹെൽത്ത് ക്ലബ് യാത്രയയപ്പ് നൽകി
മെക് 7 ഹെൽത്ത് ക്ലബ് ബ്രാഞ്ചുകളിലെ അംഗങ്ങളും കുടുംബങ്ങളും ചടങ്ങിൽ സംബന്ധിച്ചു
റിയാദ്: 43 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന അഷ്റഫ് ഹുസൈന് റിയാദ് മെക്7 ഹെൽത്ത് ക്ലബ് യാത്രയയപ്പ് നൽകി. കൊല്ലം ടി.കെ.എം എഞ്ചിനിയറിങ് കോളേജിൽ നിന്നും ആദ്യകാലങ്ങളിൽ എലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം സ്വന്തമായി കെട്ടിട നിർമാണ മേഖലയോടനുബന്ധിച്ച ട്രൈഡിങ് ബിസിനസ് ചെയ്തുവരികയായിരുന്നു.
മലസ്, ശുമൈസി, ബത്ത, വുറൂദ്, അസീസിയ തുടങ്ങിയ മെക് 7 ഹെൽത്ത് ക്ലബ് ബ്രാഞ്ചുകളിലെ അംഗങ്ങളും കുടുംബങ്ങളും ചടങ്ങിൽ സംബന്ധിച്ചു. മലസ് മെക്7 ചീഫ് കോർഡിനേറ്റർ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതം ആശംസിച്ച പരിപാടി റിയാദ് മെക് 7 ചീഫ് ട്രെയിനറായ ശുക്കൂർ പൂക്കയിൽ നിയന്ത്രിച്ചു. ഉറ്റവരെയും ഉടയവരെയും അകലെയാക്കി പ്രതികൂല കാലാവസ്ഥയിൽ പ്രവാസജീവിതം നയിക്കുന്ന പ്രവാസികളുടെ ഇടയിലുള്ള ശാരീരിക മാനസിക പ്രയാസങ്ങൾക്ക് പ്രയോഗികമായ പരിഹാരമാണ് കൊണ്ടോട്ടി തുറക്കൽ സ്വദേശി സലാഹുദ്ധീൻ വികസിപ്പിച്ചെടുത്തതും കേരളത്തിനകത്തും പുറത്തും ദിനേന ധാരാളം പേർ പരിശീലിക്കുന്നതുമായ മെക് 7 വ്യായാമങ്ങൾ എന്ന് അദ്ദേഹം ഓർമിപ്പിച്ചതിനോടൊപ്പം ഈ കൂട്ടായ്മക്ക് അഷ്‌റഫ് ഹുസൈൻ നൽകിയ സംഭാവനകളെ കുറിച്ച് ചടങ്ങുമായി സംവദിക്കുകയും ചെയ്തു.
മെക്7 അംഗങ്ങളായ നാസർ ലയ്സ്, ഷാനവാസ് (എം. കെ ഫുഡ്സ്), അബ്ദു പഞ്ചാര, ഷറഫു മാതാപുഴ, ജബ്ബാർ പാലത്തിങ്ങൽ, റസാക്ക് കൊടുവള്ളി, ഹമീദ് തുടങ്ങി ചടങ്ങിൽ സംബന്ധിച്ച എല്ലാവരും അഷ്റഫ് ഹുസൈന് ആശംസകൾ നേർന്നു സംസാരിച്ചു. അബ്ദുൽ സലാം ഇടുക്കി, കോയ മൂവാറ്റുപുഴ, അഫ്സർ അലി വള്ളിക്കുന്ന്, ആഷിക് എടവണ്ണ, അഷ്റഫ് വടക്കേകാട്, മഷ്ഫർ കണ്ണൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Adjust Story Font
16

