സൗദിയിലെ പെട്രോകെമിക്കൽ മേഖലയിലെ ആക്രമണം; അപലപിച്ച് വിവിധ രാജ്യങ്ങൾ
11 ബാലിസ്റ്റിക് മിസൈലുകളും 22 ഡ്രോണുകളുമാണ് ഇന്നലെ രാത്രി മുതൽ സൗദിയിലേക്കെത്തിയത്

റയാദ്: സൗദിയിലെ പെട്രോകെമിക്കൽ മേഖലയിലെ ആക്രമണങ്ങളെ അപലപിച്ച് വിവിധ രാജ്യങ്ങൾ. ഊർജ കേന്ദ്രങ്ങളിലെ കേടുപാടുകൾ വിലയിരുത്തുന്നതായാണ് സിവിൽ ഡിഫൻസിന്റെ അറിയിപ്പ്. പതിനൊന്ന് ബാലിസ്റ്റിക് മിസൈലുകളും ഇരുപത്തിരണ്ട് ഡ്രോണുകളുമാണ് ഇന്നലെ രാത്രി മുതൽ സൗദിയിലേക്കെത്തിയത്.
സൗദിയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യം വെച്ചാണ് ഇറാനിൽ നിന്നും മിസൈലുകളും ഡ്രോണുകളും എത്തിയത്. പ്രതിരോധിക്കുന്നതിനിടെ ചിലത് പെട്രോകെമിക്കൽ മേഖലയിലാണ് പതിച്ചത്. ഊർജ കേന്ദ്രങ്ങളിലുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജുബൈൽ പെട്രോകെമിക്കൽ മേഖലയിലേക്ക് നടന്ന ആക്രമണത്തെ അപലപിച്ച് സൗദിയുടെ സഖ്യമായ പാകിസ്താൻ രംഗത്തെത്തി. വിഷയത്തിൽ യുദ്ധം പടരാതിരിക്കാൻ സൗദി പാലിക്കുന്ന സംയംമനത്തെ പാക് പ്രധാനമന്ത്രി അഭിനന്ദിച്ചു. രാവിലെ വരെ പലപ്പോഴായി പ്രവാസികൾക്കും മുന്നറിയിപ്പ് സന്ദേശം ലഭിച്ചു.
യുഎസ് പങ്കാളിത്തമുള്ള ഗൾഫ് മേഖലയിലെ വിവിധ കമ്പനികളിൽ നിലവിൽ ജാഗ്രതാ നിർദേശമുണ്ട്. ഇന്നലെ രാത്രി മുന്നറിയിപ്പിന്റെ ഭാഗമായി അടച്ച ബഹ്റൈൻ കോസ് വേ രാവിലെ തുറന്നിരുന്നു. ഇന്ന് രാത്രി ഇറാനിലേക്ക് കനത്ത ആക്രമണത്തിനായി യുഎസും ഇസ്രായേലും നീങ്ങവെ ആശങ്ക തുടരുകയാണ്. ആക്രമണ സാഹചര്യങ്ങളിൽ കെട്ടിടങ്ങളിലെ ടെറസിലോ ബാൽക്കണിയിലോ നിൽക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ദൃശ്യങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണെന്നും ഇത് അപകടത്തിന് വരെ കാരണമാകുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി
Adjust Story Font
16

