സൗദിയിൽ ശരാശരി ആയുസ് 79.9 വയസ്സായി ഉയർന്നു; ലോകാരോഗ്യ ദിനത്തിൽ അഭിമാന നേട്ടം
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി രാജ്യം ലക്ഷ്യമിട്ട 80 വയസ്സ് എന്ന നാഴികക്കല്ലിന് തൊട്ടരികിലെത്തി

റിയാദ്: സൗദിയിലെ ജനങ്ങളുടെ ശരാശരി ആയുസിൽ വൻ വർധനവ് രേഖപ്പെടുത്തി. 2016ൽ 74 വയസ്സായിരുന്ന ശരാശരി ആയുസ്, 2025 അവസാനത്തോടെ 79.9 വയസ്സായി ഉയർന്നു. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി രാജ്യം ലക്ഷ്യമിട്ട 80 വയസ്സ് എന്ന നാഴികക്കല്ലിന് തൊട്ടരികിലാണ് ഇപ്പോൾ രാജ്യം എത്തിനിൽക്കുന്നത്. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഹെൽത്ത് സെക്ടർ ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാം ആണ് ഈ സുപ്രധാന നേട്ടം പുറത്തുവിട്ടത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നടപ്പിലാക്കിയ കൃത്യമായ പദ്ധതികളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.
ക്ലിനിക്കൽ ട്രയലുകൾ അഥവാ വൈദ്യശാസ്ത്ര പരീക്ഷണ രംഗത്തുണ്ടായ വമ്പിച്ച വളർച്ചയാണ് ഈ പുരോഗതിക്ക് പ്രധാന കാരണമായത്. 2023നും 2025നും ഇടയിൽ ഇത്തരം പരീക്ഷണങ്ങളിൽ 51.4 ശതമാനത്തിന്റെ വർധനവുണ്ടായി. ചികിത്സാ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനുള്ള കാലതാമസം പകുതിയോളം കുറയ്ക്കാൻ സാധിച്ചതും പുതിയ മരുന്നുകളും ചികിത്സാരീതികളും രോഗികളിലേക്ക് വേഗത്തിൽ എത്തിക്കാൻ സഹായിച്ചു. ശാസ്ത്രീയ ഗവേഷണ ഫലങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തിയതിലൂടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ രാജ്യത്ത് ലഭ്യമായി.
ആരോഗ്യമേഖലയിലെ നിക്ഷേപങ്ങൾക്കായി മികച്ച അന്തരീക്ഷം ഒരുക്കിയതും സൗദിയുടെ കുതിപ്പിന് വേഗത കൂട്ടി. ക്ലിനിക്കൽ ട്രയലുകൾ സ്‌പോൺസർ ചെയ്യുന്ന കമ്പനികളുടെ എണ്ണത്തിൽ 36 ശതമാനം വർധനവുണ്ടായപ്പോൾ, ഇത്തരം പരീക്ഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 13 ആയി ഉയർന്നു. സൗദി അറേബ്യ ഇപ്പോൾ മേഖലയിലെ ഒരു പ്രധാന ആരോഗ്യ നവീകരണ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഹെൽത്ത് സെക്ടർ ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാം സി.ഇ.ഒ ഡോ. ഖാലിദ് അൽ ഷൈബാനി പറഞ്ഞു. ശാസ്ത്രത്തിലും ഗവേഷണത്തിലും നടത്തുന്ന നിക്ഷേപങ്ങൾ ജനങ്ങളുടെ മികച്ച ആരോഗ്യത്തിനും സുസ്ഥിരമായ ഭാവിയിലേക്കുമുള്ള ചവിട്ടുപടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

