മികച്ച ഭക്ഷണവും സേവനവും: 12 അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടി സൗദി എയർലൈൻസ്
മികച്ച ഫസ്റ്റ് ക്ലാസ് മെനു, ഇക്കണോമി ക്ലാസിലെ മികച്ച സൗകര്യങ്ങൾ എന്നിവയ്ക്കും സൗദിയ പ്രത്യേക സ്വർണ മെഡലുകൾ കരസ്ഥമാക്കി

ലോകോത്തര വിമാനക്കമ്പനികൾ മാറ്റുരച്ച വേൾഡ് ട്രാവൽ കാറ്ററിങ് ആൻഡ് ഓൺബോർഡ് സർവീസസ് എക്‌സ്‌പോയിൽ മിന്നും നേട്ടം സ്വന്തമാക്കി സൗദിയ എയർലൈൻസ്. യാത്രാസൗകര്യങ്ങളിലും സേവനങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം പുലർത്തുന്ന സൗദിയക്ക് 12 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ഈ മേളയിൽ ലഭിച്ചത്. ട്രാവൽ പ്ലസ്, ഓൺബോർഡ് ഹോസ്പിറ്റാലിറ്റി, പാക്‌സ് ഇന്റർനാഷണൽ റീഡർഷിപ്പ് എന്നീ വിഭാഗങ്ങളിലായി ലഭിച്ച ഈ നേട്ടങ്ങൾ സൗദിയയുടെ സേവന മികവിനുള്ള ആഗോള അംഗീകാരമായി മാറി. വിമാനത്തിനുള്ളിലെ ഭക്ഷണക്രമം മുതൽ യാത്രികർക്ക് നൽകുന്ന അമിനിറ്റി കിറ്റുകൾ വരെ നീളുന്ന സൗകര്യങ്ങൾ പരിഗണിച്ചാണ് ഈ ബഹുമതികൾ നൽകിയിരിക്കുന്നത്. മികച്ച ഫസ്റ്റ് ക്ലാസ് മെനു, ഇക്കണോമി ക്ലാസിലെ മികച്ച സൗകര്യങ്ങൾ എന്നിവയ്ക്കും സൗദിയ പ്രത്യേക സ്വർണ മെഡലുകൾ കരസ്ഥമാക്കി.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി കമ്പനി നടത്തുന്ന വൻ നിക്ഷേപങ്ങളുടെ വിജയമാണിതെന്ന് സൗദിയ ചീഫ് ഗസ്റ്റ് എക്‌സ്പീരിയൻസ് ഓഫീസർ റൂസൻ ദിമിത്രോവ് അഭിപ്രായപ്പെട്ടു. ബിസിനസ് ക്ലാസിലെയും ഫസ്റ്റ് ക്ലാസിലെയും യാത്രാ കിറ്റുകൾക്ക് പുറമെ, മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഇൻ ഫ്‌ലൈറ്റ് എന്റർടൈൻമെന്റ് പുരസ്‌കാരവും സൗദിയയ്ക്കാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഡിജിറ്റൽ സേവനങ്ങൾ, അതിവേഗ ഇന്റർനെറ്റ്, നവീകരിച്ച വിമാന കാബിനുകൾ എന്നിവയിലൂടെ ആകാശയാത്രയെ പുത്തൻ തലത്തിലേക്ക് ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനക്കമ്പനികൾക്ക് മാത്രം ലഭിക്കുന്ന ഫൈവ് സ്റ്റാർ പദവിയും ഈ വർഷം സൗദിയ നിലനിർത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ നൂതനമായ മാറ്റങ്ങൾ യാത്രക്കാർക്കായി ഒരുക്കുമെന്നും സൗദിയ അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

