ബുഡോക്കാൻ കരാട്ടെ ഇന്റർനാഷണൽ ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
കരാട്ടെ ബുഡോക്കാൻ സൗദി ചീഫ് റൻഷി ഗഫൂറിന്‍റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ഗ്രേഡിംഗ് ടെസ്റ്റ്

ദമ്മാം: കരാട്ടെ ബുഡോക്കാൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള വിവിധ ഡോജോകളിലെ നൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റ് പൂര്‍ത്തിയായി. കുട്ടികളുടെ കായികക്ഷമതയും ആയോധനമുറകളിലെ പ്രാവീണ്യവും അളക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ളവര്‍ പങ്കെടുത്തു.
കരാട്ടെ ബുഡോക്കാൻ സൗദി ചീഫ് റൻഷി ഗഫൂറിന്‍റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ഗ്രേഡിംഗ് ടെസ്റ്റ്. ആധുനിക കാലത്ത് കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ മൊബൈൽ ഫോൺ അമിത ഉപയോഗം, ലഹരി പദാർഥങ്ങളോടുള്ള ആസക്തി എന്നിവയിൽ നിന്ന് മോചനം നേടാൻ കരാട്ടെ പരിശീലനം വലിയ രീതിയിൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിൽ അച്ചടക്കവും ലക്ഷ്യബോധവും വളർത്താൻ ആയോധനകലകൾ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അൽ ഹിദായ ക്ലബ് പ്രസിഡന്റ് മൂസ അൽ ഹംദാൻ, എഴുത്തുകാരൻ സമദ് റഹ്മാൻ കൂടല്ലൂർ, ഗോൾഡൻ ഫിറ്റ്നസ് ജിം മാസ്റ്റർ സയ്യിദ് തിരുവനന്തപുരം എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. ഈസ്റ്റേൺ പ്രൊവിൻസ് ഇൻചാർജ് നിഷാദ് നിലമ്പൂർ, സെൻസായിമാരായ ഷംസുദ്ദീൻ പൂക്കോട്ടുംപാടം, ഇസ്മായിൽ കണ്ണൂർ, ഷബീൽ മഞ്ചേരി, ബിലാൽ ജുബൈൽ എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള പുതിയ ബെൽറ്റുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Adjust Story Font
16

