പ്രതിസന്ധികളിലും കുലുങ്ങാതെ സൗദി: മേഖലയിലെ സംഘർഷങ്ങൾ വൻകിട വികസന പദ്ധതികളെ ബാധിക്കില്ലെന്ന് സി.ഇ.ഡി.എ
സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള മെഗാ പ്രോജക്ടുകളെല്ലാം നിശ്ചയിച്ച സമയക്രമത്തിൽ തന്നെ മുന്നോട്ട് പോകുമെന്ന് യോഗം ഉറപ്പുനൽകി

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സൗദി അറേബ്യയുടെ വൻകിട വികസന പദ്ധതികളെ യാതൊരു കാരണവശാലും ബാധിക്കില്ലെന്ന് സാമ്പത്തിക വികസന കാര്യ കൗൺസിൽ. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിലാണ് വിദേശ മന്ത്രാലയങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും റിപ്പോർട്ടുകൾ വിലയിരുത്തിക്കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതാവസ്ഥകൾക്കിടയിലും സൗദി അറേബ്യ കൈവരിച്ച സാമ്പത്തിക സുരക്ഷിതത്വവും പ്രതിസന്ധികളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷിയും യോഗത്തിൽ അവതരിപ്പിച്ച സാമ്പത്തിക-ആസൂത്രണ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അടിവരയിട്ട് കാണിക്കുന്നു.
ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാൻ സൗദിയുടെ ലോജിസ്റ്റിക്‌സ് മേഖല പൂർണ സജ്ജമാണെന്ന് യോഗം വിലയിരുത്തി. യുദ്ധസമാനമായ സാഹചര്യങ്ങൾ ഉണ്ടായാൽ പോലും ഇതര വിതരണ ശൃംഖലകളും ബദൽ റൂട്ടുകളും ഉപയോഗിച്ച് രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മുൻകൂട്ടി തയാറാക്കിയ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കും. വിപണിയിലെ വിലക്കയറ്റം തടയാനും സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും സാധിച്ചതാണ് സൗദിയുടെ പ്രധാന നേട്ടം. ഇത്തരം പ്രതിസന്ധികൾക്കിടയിലും സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള മെഗാ പ്രോജക്ടുകളെല്ലാം നിശ്ചയിച്ച സമയക്രമത്തിൽ തന്നെ മുന്നോട്ട് പോകുമെന്ന് യോഗം ഉറപ്പുനൽകി.
ഈ വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ യഥാർത്ഥ ജിഡിപിയിൽ മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തിയത് സൗദി സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്നു. എണ്ണയിതര സ്വകാര്യ മേഖലയിലെ ഉണർവും സർക്കാർ സേവനങ്ങളുടെ വിപുലീകരണവുമാണ് ഈ നേട്ടത്തിന് പിന്നിൽ. ഇതോടൊപ്പം രാജ്യത്തെ പണപ്പെരുപ്പം കുറയുകയും വിദേശവ്യാപാര മേഖലയിൽ വലിയ പുരോഗതി ഉണ്ടാവുകയും ചെയ്തു. രാജ്യത്തിന്റെ ആഭ്യന്തര വിപണി മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിജിറ്റൽ കണ്ടന്റ് മേഖലയുടെ വികസനവും, പൊതുസ്ഥലങ്ങളിലെയും തൊഴിലിടങ്ങളിലെയും അടിയന്തിര സുരക്ഷാ പോളിസികളും കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.
Adjust Story Font
16

