സൗദിയിൽ ഹൗസ് ഡ്രൈവർമാരുടെ നിയമത്തിൽ മാറ്റം; പുതിയ ഗാർഹിക തൊഴിലാളിനിയമം വരുന്നു
തൊഴിലാളിയും സ്‌പോൺസറും തമ്മിലുള്ള തൊഴിൽ കരാർ കൃത്യമായി തയ്യാറാക്കി ഓൺലൈൻ പ്ലാറ്റ് ഫോമിൽ അപ്ലോഡ് ചെയ്യേണ്ടി വരും. ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴി നൽകണം.

സൗദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ നിയമങ്ങളിൽ സമ്പൂർണമാറ്റം വരുന്നു. തൊഴിലാളിയും സ്‌പോൺസറും തമ്മിൽ അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ കരാർ ഉൾപ്പെടെയുള്ളതാണ് മാറ്റങ്ങൾ. ജീവനക്കാർക്ക് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നൽകണമെന്നും പുതിയ തൊഴിൽ നിബന്ധനകളിൽ പറയുന്നുണ്ട്. ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം, അവകാശങ്ങൾ, കടമകൾ എന്നിവ കൃത്യമായി വ്യക്തമാക്കുന്ന തൊഴിൽ നിയമമാണ് വരുന്നത്.
തൊഴിലാളിയും സ്‌പോൺസറും തമ്മിലുള്ള തൊഴിൽ കരാർ കൃത്യമായി തയ്യാറാക്കി ഓൺലൈൻ പ്ലാറ്റ് ഫോമിൽ അപ്ലോഡ് ചെയ്യേണ്ടി വരും. ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴി നൽകണം. തൊഴിൽ തർക്കങ്ങളിൽ ഇത് രേഖയാകും. മറ്റു തൊഴിലാളികളെ പോലെ ആഴ്ചയിലുള്ള അവധി, വാർഷിക അവധി, സേവനാന്തര ആനുകൂല്യങ്ങൾ തുടങ്ങിയ ഗാർഹിക തൊഴിലാളികൾക്കും നിർബന്ധമായി നടപ്പാക്കും. അധിക ജോലിക്ക് അധിക സമയ വേതനവും നൽകണം. 21 വയസ്സിന് താഴെയുള്ള ഒരു വീട്ടുജോലിക്കാരനെ ജോലിക്ക് നിർത്താൻ പാടില്ല. ഹൗസ് ഡ്രൈവർ തസ്തികയിൽ ഉൾപ്പെടുന്നവർ മറ്റു ജോലികൾ ചെയ്യുന്നതും നിയമ വിരുദ്ധമാണ്. രണ്ട് വർഷം കഴിഞ്ഞ് വീട്ടുജോലിക്കാരന് ശമ്പളത്തോടുകൂടിയ ഒരു മാസത്തെ അവധിക്ക് അർഹതയുണ്ട്.
തൊഴിൽ കരാറിൽ പറയുന്ന വ്യവസ്ഥകൾ ലംഘിച്ചാൽ ഇരു കൂട്ടർക്കും പരാതിപ്പെടാൻ അർഹതയുണ്ടാകും. നിറം, ലിംഗം, പ്രായം, ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിരുദ്ധമാണ്. ഗാർഹിക തൊഴിലാളിയുടെ പാസ്പോർട്ടോ അദ്ദേഹത്തിന്റെ ഏതെങ്കിലും സ്വകാര്യ രേഖകളോ തിരിച്ചറിയൽ പേപ്പറോ സൂക്ഷിക്കുന്നത് സ്‌പോൺസർക്ക് അനുവദനീയമല്ലെന്നും നിയമത്തിൽ പറയുന്നു. കരാർ കാലാവധി കഴിഞ്ഞാൽ ഗാർഹിക തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ഗാർഹിക തൊഴിലാളിക്ക് ആരോഗ്യത്തിന് ഭീഷണിയായ ഒരു ജോലിയും നൽകരുതെന്നും നിയമം അനുശാസിക്കുന്നു. തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ തൊഴിലുടമക്ക് പരാതിപ്പെടാം. കരാർ ലംഘിച്ചുള്ള നടപടികളിൽ തൊഴിലാളിക്കും പരാതിപ്പെടാം. പുതുതായി തയ്യാറാക്കിയ മാർഗരേഖ തൊഴിൽ മന്ത്രാലയത്തിന് കീഴിലാണ് പ്രാബല്യത്തിൽ വരിക.
Adjust Story Font
16

