സുരക്ഷ മുഖ്യം...; അറഫയിലെ ക്യാമ്പുകളിൽ സിവിൽ ഡിഫൻസിന്റെ സുരക്ഷാ പരിശോധന
പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കി

ജിദ്ദ: ഇത്തവണത്തെ ഹജ്ജ് സീസണിൽ തീർഥാടകരുടെ പൂർണ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ പരിശോധന ശക്തമാക്കി സൗദി സിവിൽ ഡിഫൻസ് ഫോഴ്‌സ്. അറഫാത്തിലെ തീർഥാടകരുടെ താമസകേന്ദ്രങ്ങളിലും ക്യാമ്പുകളിലുമാണ് സിവിൽ ഡിഫൻസ് സംഘം വിപുലമായ സുരക്ഷാ പരിശോധനകൾ നടത്തുന്നത്. തീപിടുത്ത പ്രതിരോധ സംവിധാനങ്ങളുടെയും മുൻകരുതലുകളുടെയും കാര്യക്ഷമത ഉറപ്പാക്കുകയാണ് ലക്ഷ്യം. അടിയന്തര ഘട്ടങ്ങളിൽ തീർഥാടകരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള എമർജൻസി കോറിഡോറുകളും എക്സിറ്റുകളും തടസ്സങ്ങളില്ലാതെ തുറന്നുപ്രവർത്തിക്കുന്നുണ്ടെന്ന് സംഘം ഉറപ്പുവരുത്തി.
ക്യാമ്പുകളിലെ അഗ്നിശമന ഉപകരണങ്ങൾ, ഫയർ അലാറം, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന ഏർലി വാണിങ് സിസ്റ്റം എന്നിവയുടെ പ്രവർത്തനക്ഷമതയും സംഘം നേരിട്ട് വിലയിരുത്തി. ഹജ്ജ് തീർഥാടനം അവസാനിക്കുന്നത് വരെ പുണ്യസ്ഥലങ്ങളിലുടനീളം സിവിൽ ഡിഫൻസിന്റെ പ്രത്യേക നിരീക്ഷണവും ഫീൽഡ് പരിശോധനകളും തുടരും. തീർഥാടകർക്ക് സുരക്ഷിതവും അപകടരഹിതവുമായ അന്തരീക്ഷത്തിൽ ഹജ്ജ് കർമങ്ങൾ നിർവഹിക്കാനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

