സാമുദായിക പ്രസ്ഥാന നേതാക്കൾ ഉത്തരവാദിത്വ ബോധത്തോടെ ഇടപെടണം: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ
2026-28 വർഷങ്ങളിലേക്കുളള പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു

റിയാദ്: സാമുദായിക സംഘടനകൾ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ തന്നെ സമൂഹത്തിന്റെ കൂട്ടായ്മയും പരസ്പര വിശ്വാസവും കാത്തു സൂക്ഷിക്കുവാനും പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ടെന്ന് സൗദി ഇസ്ലാഹി സെൻറർ റിയാദ് ഘടകം അവതരിപ്പിച്ച പ്രമേയം. കേരളത്തിന്റെ ഉന്നതമായ മതേതര പാരമ്പര്യത്തിന് ദോഷകരമായി ബാധിക്കുന്ന തരത്തിൽ വർഗ്ഗീയ പ്രസ്താവനയിറക്കുന്നവരെ മലയാളികൾ തിരിച്ചറിയണം. അധികാര രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ സാധൂകരിക്കുന്നതിന് വേണ്ടി, ഇത്തരം കള്ളനാണയങ്ങളെ വെള്ളപൂശുന്ന രാഷ്ട്രീയ കക്ഷികളെ മതേതര കേരളം ചെറുത്തു തോൽപ്പിക്കണമെന്നും ഇസ്ലാഹി സെൻറർ പ്രമേയത്തിൽ ആവശ്യപ്പെട്ടു. പിന്നിട്ട വഴികളിലെ പിഴവുകൾ മറച്ചു വെക്കാൻ നവോത്ഥാന നായകരെ അപമാനിക്കുന്ന സമീപനം അപകടരമാണ്. ഒരു പൊതു ശത്രുവിനെ സൃഷ്ടിച്ചാൽ മാത്രമേ സ്വന്തം അണികളെ ഒരുമിപ്പിക്കാൻ സാധിക്കൂവെന്ന മൗഢ്യം ഇവർ വെടിയണം. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഫാസിസത്തിന് കുഴലൂതുന്നവർക്ക് കാലം മാപ്പു നൽകുകയില്ലെന്നും പ്രമേയം ഓർമിപ്പിച്ചു.
2024-26 പ്രവർത്തി വർഷങ്ങളിലെ അവസാന ജനറൽ ബോഡി യോഗത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. 2026-28 വർഷങ്ങളിലേക്കുളള ഇസ്ലാഹി സെൻർ ഭാരവാഹികളെ യോഗത്തിൽ വെച്ച് തെരെഞ്ഞെടുത്തു. അബ്ദുൽ ഹമീദ് മടവൂർ(അഡ്വൈസറി ബോർഡ് ചെയർമാൻ), സിറാജ് തയ്യിൽ (പ്രസിഡന്റ്), ഷാജഹാൻ ചളവറ (ജനറൽ സെക്രട്ടറി), അഫ്സൽ എടത്തനാട്ടുകര(ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വൈസ് പ്രസിഡന്റുമാരായി ഫസൽ റഹീം, അബ്ദുൽ ഹക്കീം, അബ്ദുൽ ജബ്ബാർ മേലേവീട്ടിൽ, റാഷിദ് യൂസുഫ്, സാജിദ് ഒതായി തുടങ്ങിയവരെയും സെക്രട്ടറിമാരായി ഇഖ്ബാൽ കൊടക്കാട്, ഹബീബ് പുത്തലത്ത്, നൗഫൽ അരുക്കാറ്റിൽ, യൂനുസ് നിലമ്പൂർ, ഫവാസ് ഇബ്രാഹിം എന്നിവരെയും തെരഞ്ഞെടുത്തു. ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറി സലീം കടലുണ്ടി ഉദ്ഘാടനം ചെയ്തു. നൗഫൽ പാണക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാജഹാൻ ചളവറ അധ്യക്ഷത വഹിച്ചു.
സെന്ററിന് കീഴിലുള്ള വിവിധ യൂണിറ്റുകളുടെയും പോഷക ഘടകങ്ങളുടെയും പ്രവർത്തന റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു. ഇക്ബാൽ കൊടക്കാട് (സെൻറർ കമ്മറ്റി) നവാസ് (ബത്ഹ യൂണിറ്റ്), നാസർ കൊപ്പം (സനാഇയ്യ യൂണിറ്റ്), ഹബീബ് റഹ്മാൻ (അസീസിയ യൂണിറ്റ്), നൗഫൽ (മലാസ് യൂണിറ്റ്) എന്നിവർ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ സാമ്പത്തിക റിപ്പോർട്ടുകൾ അഫ്സൽ (സെൻറർ കമ്മറ്റി), നാസർ കൊപ്പം (ദഅവ), യൂനുസ് (ഡ്രോപ്സ്), ഷമീൽ (സകാത്ത്), ഷാജഹാൻ (മദ്രസ) എന്നിവർ അവതരിപ്പിച്ചു. ഫോക്കസ് പ്രവർത്തനങ്ങളെക്കുറിച്ച് ഷമീം വെള്ളാടത്ത്, എം.ജി.എം പ്രവർത്തനങ്ങളെക്കുറിച്ച് സിറാജുദ്ദീൻ തയ്യിൽ, ടീൻ ആൻഡ് ടാലന്റിനെക്കുറിച്ച് ഫവാസ് എന്നിവർ സംസാരിച്ചു. റിപ്പോർട്ടന്മേലുള്ള ചർച്ചകളിൽ ഷാജഹാൻ, ഇക്ബാൽ എന്നിവർ മറുപടി നൽകി. അബ്ദുൽ ഹക്കീം, റാഷിദ് യൂസഫ്, അബ്ദുസ്സലാം തൊടികപ്പുലം എന്നിവരടങ്ങിയ ഇലക്ഷൻ ബോർഡ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ട്രഷറർ അഫ്സൽ നന്ദി പറഞ്ഞു
Adjust Story Font
16

