സൗദിയിൽ 50ലധികം തൊഴിലാളികളുള്ള കമ്പനികൾ പരിശീലന വിവരങ്ങൾ വെളിപ്പെടുത്തണം
നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി

റിയാദ്: സൗദിയിൽ 50ലധികം തൊഴിലാളികളുള്ള കമ്പനികൾ തൊഴിൽ പരിശീലന വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിയമം പ്രാബല്യത്തിൽ വന്നു. നിയമം ലംഘിക്കുന്നവർ പിഴയടക്കമുള്ള നടപടികൾ നേരിടേണ്ടി വരും. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് പുതിയ നിർദേശം.
പരിശീലന സമയം, പരിശീലനം പൂർത്തിയാക്കിയവരുടെ എണ്ണം, തൊഴിലാളികൾ, വിദ്യാർഥികൾ, ബിരുദധാരികൾ, ജോലിക്കാർ എന്നീ വിഭാഗങ്ങളിൽ പരിശീലനം നേടിയവരുടെ വിവരം തുടങ്ങിയ ഡാറ്റകളാണ് വെളിപ്പെടുത്തേണ്ടത്. ഖിവ പ്ലാറ്റ്‌ഫോം വഴിയാണ് ഇത്തരം ഡാറ്റകൾ നൽകേണ്ടത്.
പരിശീലന പദ്ധതികൾ, പ്രോഗ്രാം റിപ്പോർട്ടുകൾ, സാമ്പത്തിക ബജറ്റ് തുടങ്ങിയവയും വെളിപ്പെടുത്തണം. തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുന്നതിന്റെയും ഉൽപാദനക്ഷമത ഉയർത്തുന്നതിന്റെയും ഭാഗമായാണ് നിർദേശം. പരിശീലന ഡാറ്റ വെളിപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെയും തൊഴിലുടമകൾക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

