മക്കയിലെ മൂന്നാം റിങ് റോഡ് നിർമാണം ഭൂരിഭാഗവും പൂർത്തിയായി
ആറ് ഭാഗങ്ങളായി തിരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്

ജിദ്ദ: മക്കയിലെ മൂന്നാം റിങ് റോഡ് നിർമാണം ഭൂരിഭാഗവും പൂർത്തിയായതായി മക്ക റോയൽ കമ്മീഷൻ അറിയിച്ചു. മക്കയിലെ സമീപ പ്രദേശങ്ങളെ പ്രധാന പ്രവേശന കവാടങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് മൂന്നാം റിങ് റോഡ്. പാതയുടെ ആകെ ദൈർഘ്യം 30 കിലോമീറ്റർ ആണ്. ഇതിൽ 25 കിലോമീറ്ററോളം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ആറ് ഭാഗങ്ങളായി തിരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മൂന്ന് ഭാഗങ്ങളുടെ നിർമാണം പൂർണമായി പൂർത്തിയാവുകയും അവിടെ ഗതാഗതം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
നാലാമത്തെ ഭാഗത്തിന്റെ പണികൾ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് റോഡ്, മസ്ജിദുൽ ഹറം റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ഇന്റർസെക്ഷനുകളിലാണ് നടക്കുന്നത്. 113.5 കിലോമീറ്റർ ദൈർഘ്യമാണ് മക്കയിലെ നാല് റിങ് റോഡുകളുടെ നീളമായി കണക്കാക്കുന്നത്. അതിൽ 108.5 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. നിരവധി സർക്കാർ, സേവന സ്ഥാപനങ്ങളുമായി ഏകോപനം നടത്തിയാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.
Adjust Story Font
16

