Quantcast

ക്രിസ്റ്റ്യനോ ആദ്യ പ്രോ ലീഗ് കിരീടത്തിലേക്ക്?; അൽ ഹിലാലുമായുള്ള നിർണായക പോരാട്ടം നാളെ

പോരാട്ടം സൗദി സമയം രാത്രി 9ന് റിയാദിലെ അൽ അവ്വൽ പാർക്കിൽ

MediaOne Logo

Web Desk

  • Published:

    11 May 2026 7:45 PM IST

Cristiano to win first Pro League title?; The decisive clash with Al Hilal tomorrow
X

റിയാദ്: സൗദി പ്രോ ലീഗ് കിരീടം ലക്ഷ്യമിട്ട് ക്രിസ്റ്റ്യനോ റൊണാൾഡോയുടെ അൽ നസ്ർ നാളെ പോരിനിറങ്ങും. നാളെ രാത്രി ഒമ്പതിന് റിയാദിലെ അൽ അവ്വൽ പാർക്കിലാണ് അൽ ഹിലാലുമായുള്ള നിർണായക മത്സരം. അൽ ഹിലാലിനേക്കാൾ അഞ്ച് പോയിന്റ് മുന്നിലുള്ള അൽ നസ്‌റിന് സമനില പിടിച്ചാൽ പോലും കിരീട നേട്ടത്തിന് വഴിയൊരുങ്ങും. മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ മുന്നൂറിരട്ടിയോളമാണ് വർധിച്ചത്. ക്രിസ്റ്റ്യാനോ സൗദി പ്രോ ലീഗിലെ അരങ്ങേറ്റം കുറിച്ച ഗ്രൗണ്ടാണ് അൽ അവ്വൽ പാർക്ക്.

നിലവിൽ 32 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുകളോടെ ലീഗ് പട്ടികയിൽ ഒന്നാമതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം. അൽഹിലാലിനെ തോൽപിച്ചാൽ കിരീടം ഉറപ്പാക്കാം. അൽഹിലാൽ 31 മത്സരങ്ങളിൽ 77 പോയിന്റുകളോടെ രണ്ടാമതാണ്. ഒരു മത്സരം കുറവുള്ള ഹിലാലിന് ഡെർബിയിലെ തോൽവി വൻവീഴ്ചയാകും. പോരാട്ടത്തിൽ ജയിച്ചാൽ അൽ നസ്ർ 85 പോയിന്റിലെത്തും. ബാക്കിയുള്ള മത്സരങ്ങൾ ജയിച്ചാലും ഹിലാൽ പരമാവധി 80-81 പോയിന്റുകൾ മാത്രമേ നേടാൻ കഴിയൂ.

ഹോം ഗ്രൗണ്ട് ആവേശവും റൊണാൾഡോയുടെ അനുഭവസമ്പത്തും അൽ നസ്റിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. എന്നാൽ ഡെർബി അത്ര എളുപ്പമാകില്ല. സീസണിന്റെ ആദ്യ പാതിയിൽ അൽഹിലാൽ 3-1ന് അൽനസ്റിനെ തോൽപിച്ചിരുന്നു. പരമാവധി സമനില മാത്രം വഴങ്ങി ഇതുവരെ തോൽവിയറിയാത്ത ഹിലാൽ മികച്ച ഫോമിലാണ്. എന്നാൽ സമനിലയോ തോൽവിയോ ഹിലാലിന്റെ കിരീട സ്വപ്നത്തിന് വലിയ തിരിച്ചടിയാവും. ലീഗിലെ ഏറ്റവും ആകർഷകമായ രണ്ട് ടീമുകളുടെ ഏറ്റുമുട്ടലിനൊപ്പം ഗോൾമഴയും ആവേശകരമായ മത്സരവും പ്രതീക്ഷിക്കാം.

TAGS :

Next Story