Quantcast

സൗദിയുടെ സ്വന്തം ഇലക്ട്രിക് കാർ; 'സീർ എക്സ്പോബോട്ട്' പുറത്തിറക്കി

സെഡാൻ, എസ്.യു.വി മോഡലുകളിലാണ് എക്സ്പോബോട്ട് ആദ്യ ഘട്ടത്തിൽ നിരത്തിലിറങ്ങുന്നത്

MediaOne Logo

Gulf Desk

  • Published:

    21 Sept 2026 9:01 PM IST

Crown Prince launches Exobot car, the first car from Seer company
X

റിയാദ്: സൗദി അറേബ്യയുടെ ആദ്യ ദേശീയ ഇലക്രി കാർ ബ്രാന്റായ 'സീറിന്റെ' പ്രഥമ മോഡൽ പുറത്തിറക്കി. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF) ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനാണ് പ്രഥമ മോഡലായ 'എക്സ്പോബോട്ട്' അവതരിപ്പിച്ചത്. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സീർ വലിയ വഴിത്തിരിവാകും. ആഗോള വാഹന നിർമാണ ഭൂപടത്തിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ പദ്ധതി. സാമ്പത്തിക വളർച്ച, വിദേശ നിക്ഷേപങ്ങൾ, ദേശീയ പ്രതിഭകളുടെ ശാക്തീകരണം എന്നിവയ്ക്ക് ഈ പദ്ധതി ആക്കം കൂട്ടുമെന്ന് കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു.

സവിശേഷതകളും ശേഷിയും

സെഡാൻ, എസ്.യു.വി മോഡലുകളിലാണ് എക്സ്പോബോട്ട് ആദ്യ ഘട്ടത്തിൽ നിരത്തിലിറങ്ങുന്നത്. സൗദിയുടെ സാംസ്കാരിക പൈതൃകവും ഭൂപ്രകൃതിയും ഉൾക്കൊണ്ടാണ് വാഹനത്തിന്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ചെറുതും വലുതുമായ വിവിധ ഡ്രൈവ് സിസ്റ്റങ്ങളിലുള്ള ഏഴ് പുതിയ മോഡലുകൾ കൂടി സീർ പുറത്തിറക്കും. കിങ് അബ്ദുല്ല എക്കണോമിക് സിറ്റിയിലെ 'കിങ് സൽമാൻ ഓട്ടോമോട്ടീവ് കോംപ്ലക്സി'നുള്ളിൽ സ്ഥിതി ചെയ്യുന്ന സീർ വ്യവസായ സമുച്ചയത്തിലാണ് വാഹനങ്ങളുടെ നിർമാണം. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിപുലമായ വാഹനാധിഷ്ഠിത നിർമാണ കേന്ദ്രങ്ങളിലൊന്നാണിത്.

സാമ്പത്തിക രംഗത്തെ കുതിപ്പ്

2034 ഓടെ സൗദിയുടെ ആഭ്യന്തര ഉൽപാദനത്തിലേക്ക് (GDP) 3,000 കോടി റിയാൽ (800 കോടി ഡോളർ) സംഭാവന ചെയ്യാനും വ്യാപാര സന്തുലനാവസ്ഥ 8,000 കോടി റിയാലിലധികം വർധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കും. ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നത്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 2022-ലാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF) 'സീർ' എന്ന കാർ ബ്രാന്റിന് രൂപം നൽകിയത്.

TAGS :

Next Story